പാലാ: അമേരിക്കയിലെ ഫ്‌ളോറിഡാ സംസ്ഥാനത്തുള്ള ബ്രോവാർഡ് കൗണ്ടിയിലെ മുനിസിപ്പൽ നഗരമായ കൂപ്പർ സിറ്റിയും ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയാറായതായി മാണി സി കാപ്പൻ എം.എൽ.എ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി എന്നിവർ അറിയിച്ചു. പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം നാളെ അമേരിക്കൻ സമയം 5.30 ന് കൂപ്പർസിറ്റി നഗരസഭ ഹാളിൽ കൂപ്പർസിറ്റി മേയർ ഗ്രേഗ് റോസ് ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപന രേഖ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന് കൈമാറും. അമേരിക്കയിലെ ഒരു നഗരവുമായി കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായിട്ടാണ് സൗഹൃദപങ്കാളിത്വ ഉടമ്പടി പ്രഖ്യാപിക്കുന്നത്. കൂപ്പർസിറ്റി നഗരസഭയുടെ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗം വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
സാംസ്‌കാരികം, വിദ്യാഭ്യാസം, വിവരസാങ്കേതികം, വ്യാപാരം, ടൂറിസം മേഖലകളിൽ ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാൻ പദ്ധതി സഹായിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻന്മാരായ വിനോദ് ചെറിയാൻ വേരനാനി, ലിൻസി സണ്ണി, അനുമോൾ മാത്യു, പഞ്ചായത്ത് മെമ്പർ റെജി മാത്യു വടക്കേമേച്ചേരി, സെക്രട്ടറി സജിത്ത് മാത്യൂസ്, എബി ജെ ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.