പാലാ: രാജ്യത്തെ പരമോന്നത നഴ്‌സിംഗ് പുരസ്‌കാരമായ 2021ലെ ഫ്‌ളോറൻസ് നൈറ്റിംഗേൽ അവാർഡ് കോട്ടയം കിടങ്ങൂർ വൈക്കത്തുശ്ശേരിൽ ഷീലാ റാണിക്ക്. കഴിഞ്ഞ 12 വർഷത്തോളമായി പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്‌സായി ജോലി ചെയ്യുകയാണ് ഷീലാ റാണി. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്‌സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്. കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ പി.എച്ച്.സിയിൽ ജോലി ചെയ്യുകയാണ് ഷീല.
കിടങ്ങൂർ പി.കെ.വി വനിതാ ലൈബ്രറിയുടെ സെക്രട്ടറി കൂടിയായ ഷീലാ റാണി പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്‌നേഹ സ്വാന്തനം പരിപാടിയ്ക്ക് ചുക്കാനും പിടിക്കുന്നു. പരിസ്ഥിതി സമൂഹ്യ പ്രവർത്തനങ്ങളിലും ഇടപെടുന്ന ഷീലാ റാണി കിടങ്ങൂർ കാവാലിപ്പുഴ പഞ്ചാരമണൽ ബീച്ചിന്റെ പുരോഗതിക്കും നേതൃത്വം നൽകുന്നു.
വൈക്കത്തുശ്ശേരിൽ ജയചന്ദ്രനാണ് ഭർത്താവ്. അർച്ചന, അക്ഷയ്, ജഗന്നാഥൻ എന്നിവരാണ് മക്കൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും അടുത്തമാസം അവാർഡ് ഏറ്റുവാങ്ങും.