പാലാ: ഉഴവൂർ റൂട്ടിലുള്ള സ്വകാര്യ ബസുകൾ പെർമിറ്റ് സമയങ്ങളിൽ സർവീസ് നടത്താത്തുകൊണ്ട് യാത്രക്കാർ വലയുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടും ബന്ധപ്പെട്ട അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പാലാ പൗരാവകാശ സമിതി കുറ്റപ്പെടുത്തുന്നു.
ഇടനാട്, വലവൂർ, കുടക്കച്ചിറ, ഉഴവൂർ മേഖലയിലുള്ള യാത്രക്കാർക്കാണ് ഏറെ ദുരിതം. സമയത്ത് ബസില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഈ റൂട്ടിലുള്ള സ്വകാര്യ ബസുകൾ എല്ലാം രണ്ട് സ്വകാര്യ വ്യക്തികളുടെ കുത്തക പെർമിറ്റുകളായിട്ടാണ് നൽകിയിരിക്കുന്നത്.ഇവരുടെ തോന്ന്യാസത്തിന് അനുസരിച്ചാണ് സർവീസ് നടത്തുന്നതെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ആരോപിച്ചു. സംഭവത്തിൽ പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ഗതാഗത വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് കമ്മീഷണർ, കോട്ടയം ആർ.ടി.ഒ., കോട്ടയം ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി.