പാലാ: ജലസേചന വകുപ്പിന്റെ ക്ലീൻ ചെക്ക് ഡാം പദ്ധതി വിജയിച്ചു. മീനച്ചിലാറിനു കുറുകെയുള്ള കളരിയാംമാക്കൽ ചെക്ക്ഡാമിലെ ചെളിയും പാഴ് വസ്തുക്കളും നീക്കി. പ്രളയത്തിൽ ഒഴുകി എത്തിയ വൻമരവും ഇന്നലെ മുറിച്ചു നീക്കി. ഇതോടെ മരക്കഷണത്തിൽ ചുറ്റിപിടിച്ചിരുന്ന വള്ളിപ്പടർപ്പുകളും പ്ലാസ്റ്റിക് വസ്തുക്കളും നീക്കം ചെയ്യാനായി. ഇതോടെ വെള്ളം ഒഴുക്ക് സുഗമമായി. നിരവധി വൃക്ഷ ഭാഗങ്ങളാണ് ഇവിടെ അടിഞ്ഞുകൂടിയിരുന്നത്. ബാർജിൽ മണ്ണുമാന്തി ഇറക്കിയായിരുന്നു ശുചീകരണം. വർഷങ്ങളായി അടിഞ്ഞുകൂടിയ ചെളി നീക്കിയത് കുടിവെള്ള പദ്ധതികൾക്ക് പ്രയോജനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ചെളിനീക്കിയതോടെ ചെക്ക്ഡാമിന്റെ സംഭരണ ശേഷിയും വർദ്ധിച്ചു.എല്ലാ വർഷവും വേനൽമഴയ്ക്കു മുമ്പായി സ്ഥിരം ശുചീകരണത്തിന് നടപടി ഉണ്ടാവണമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ആവശ്യപ്പെട്ടു.