പാലാ: സ്ഥിരം അപകടമേഖല. റിവർവ്യൂ റോഡ് വശത്തു നിന്നുള്ള ടൗൺ ബസ് സ്റ്റാൻഡ് കവാടം എന്ന് വാഹനയാത്രികർക്ക് പേടിസ്വപ്നമാണ്. ഇന്നലെ വൈകിട്ട് ബൈക്കിൽ കാറിടിച്ചുണ്ടായതാണ് ഒടുവിലുത്തെ അപകടം. ബൈക്ക് യാത്രികനായ കോട്ടയം സ്വദേശി ആതിൽ (26) റോഡിൽ തലയിടിച്ച് വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റിവർ വ്യൂറോഡിലൂടെ വരുന്ന വാഹനങ്ങൾ ടൗൺ ബസ് സ്റ്റാൻഡിലേക്ക് പെട്ടെന്ന് തിരിഞ്ഞു കയറുന്നതാണ് അപകടകങ്ങൾക്ക് പ്രധാന കാരണം. ഇന്നലെ വൈകിട്ട് യുവാവ് ബൈക്കിൽ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു. ബസ് സ്റ്റാൻഡിലേക്ക് തിരിച്ച കാർ ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ബസ് സ്റ്റാൻഡിന്റെ റിവർവ്യൂ റോഡ് ഭാഗത്ത് നിത്യവും സംഭവിക്കുന്നത്. റിവർവ്യൂ റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ പൊടുന്നനെ ബസ് സ്റ്റാൻഡിലേക്ക് തിരിക്കുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ചാണ് അപകടങ്ങളിലേറെയും ഉണ്ടാകുന്നത്. ഇവിടെ ഒരു വശത്ത് കോട്ടയം റൂട്ടിലേക്കുള്ള ബസുകളുടെ പാർക്കിംഗ് ആയതിനാൽ മിക്ക വാഹനങ്ങളും വലതുവശം ചേർന്നാണ് വരുന്നത്. ഇതാണ് പ്രധാനമായും അപകടങ്ങൾക്ക് വഴിതെളിക്കുന്നത്. കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ റിവർവ്യൂ റോഡിൽ അധികനേരം പാർക്ക് ചെയ്യിക്കാതിരിക്കുക, റിവർവ്യൂ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുക തുടങ്ങിയവ നടപ്പിലാക്കിയാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും.
നടപടി സ്വീകരിക്കണം
പാലാ റിവർവ്യൂ റോഡിന്റെ ടൗൺ ബസ് സ്റ്റാൻഡ് ഭാഗത്തുകൂടി അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമതി പ്രസിഡന്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു.