മുണ്ടക്കയം: മുണ്ടക്കയം ബസ് സ്റ്റാന്റിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു. സ്റ്റേഷൻ മാസ്റ്റർ നിലവിലില്ലാത്തതാണ് ഓഫിസിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണം. ഓഫിസിന് പൂട്ടുവീണതോടെ ദുരിതത്തിലായത് യാത്രക്കാരാണ്. യാത്രക്കാർക്ക് റൂട്ട് സമയങ്ങൾ പോലും അറിയാൻ കഴിയാത്ത അവസ്ഥയായി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നാഥനില്ലാ കളരിയായതോടെ ബസുകളുടെ സമയക്രമങ്ങളും തെറ്റി. ദിവസവും വിവിധ ഡിപ്പോകളിൽ നിന്നും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഇരുന്നൂറോളം കെ.എസ് ആർ ടി.സി ബസുകളാണ് ബസ് സ്റ്റാന്റിൽ കയറിയിറങ്ങുന്നത്. ഇപ്പോൾ എല്ലാ സർവീസുകളുടെയും സമയംക്രമം നിശ്ചയിക്കുന്നത് അതാത് ബസിലെ ജീവനക്കാരാണ്. ഇതുമൂലം കോട്ടയം കുമളി റൂട്ടുകളിൽ ഒന്നിന് പുറകെ മൂന്നും,നാലും ബസുകളാണ് മിനിറ്റുകളുടെ വിത്യാസത്തിൽ സർവീസ് നടത്തുന്നത്.
ചാർജ്ജ് ചെയ്യും,
പിന്നെ പൂട്ടിടും
മുൻപ് ഏറെ പഴക്കം ചെന്ന കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബസ് സ്റ്റാന്റ് വികസനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പഞ്ചായത്ത് നിർമ്മിച്ച് നൽകി. ബസുകളുടെ ടിക്കറ്റ് മിഷ്യൻ ചാർജ് ചെയ്യാൻ വേണ്ടി മാത്രമാണ് നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് തുറക്കുന്നത്.