മുണ്ടക്കയം : കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ മുതൽ തേക്കിൻ കൂപ്പ് വരെയുള്ള റോഡിൽ രാത്രികാലങ്ങളിൽ കന്നുകാലിക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. പലപ്പോഴും ഹോൺ ഓടിച്ചാൽ പോലും കന്നുകാലികൾ മാറാത്ത അവസ്ഥയാണുള്ളത്. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും കന്നുകാലികൾ ദുരിതമാകുകയാണ്. സമീപത്തെ ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലും ജനവാസ മേഖലകളിലുമുള്ള ആളുകൾ വളർത്തുന്ന പശുക്കളെയാണ് കൂട്ടമായി അഴിച്ചുവിടുന്നത്. പല പശുക്കളെയും മോഷണം പോകുന്നതായും മുൻപ് പരാതി ഉയർന്നിരുന്നു. ചെന്നപ്പാറയിൽ എസ്റ്റേറ്റ് വിജനമായ പല പ്രദേശങ്ങളും ഇത്തരത്തിൽ മേഞ്ഞുനടന്ന പശുക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുലി കൊന്നൊടുക്കിയത്. മേയാൻ വിടുന്ന പശുക്കൾ ഇതുപോലെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ജനജീവിതത്തിന് തടസം ആകാത്ത രീതിയിൽ ഉടമസ്ഥർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.