പാലാ നഗരത്തിൽ അനധികൃത ഓട്ടോസ്റ്റാൻഡുകൾ പെരുകുന്നു
പാലാ: നഗരത്തിലെ 300ഓളം ഓട്ടോഡ്രൈവർമാരുടെ കഞ്ഞികുടി മുട്ടിച്ച് അനധികൃത ഓട്ടോ സ്റ്റാൻഡുകൾ പെരുകുന്നു.
നഗരത്തിൽ പത്ത് പ്രധാന സ്റ്റാൻഡുകളിലായി 300ഓളം ഓട്ടോ ഡ്രൈവർമാർ ഉണ്ടെന്നാണ് നഗരസഭയുടെ കണക്ക്. മുനിസിപ്പൽ പെർമിറ്റോടെയാണ് അംഗീകൃത സ്റ്റാൻഡുകളിലെ ഓട്ടോകൾ എല്ലാം ഓടുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി അംഗീകൃത ഓട്ടോ ഡ്രൈവർമാരുടെ വയറ്റത്തടിച്ച് പുതുതായി ഒട്ടേറെ പേർ ഓട്ടോകളുമായി നഗരത്തിൽ ഇറങ്ങുന്നുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാലാ ടൗൺ ബസ് സ്റ്റാൻഡിന്റെ കവാടത്തിലും ഇതിന് എതിർവശത്തെ ബസ് സ്റ്റോപ്പിനോട് ചേർന്നുമൊക്കെ താത്ക്കാലിക ഓട്ടോ സ്റ്റാൻഡുകൾ രൂപപ്പെട്ടിട്ടുണ്ട്. യൂണിഫോം പോലും ധരിക്കാതെയാണ് അനധികൃത ഓട്ടോ ഡ്രൈവർമാരുടെ വിളയാട്ടം. പാലാ റിവർവ്യൂ റോഡിലെ ഓട്ടോ തൊഴിലാളികൾ ഇത്തരം താല്ക്കാലിക അനധികൃത ഓട്ടോ സ്റ്റാൻഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് ഗതാഗത വകുപ്പ് അധികാരികൾ ഇടപെട്ട് അനധികൃത ഓട്ടോഡ്രൈവർമാരെ സ്ഥലത്തുനിന്നും നീക്കിയിരുന്നു. അധികാരികൾ കണ്ണടച്ചതോടെ ഇപ്പോൾ പഴയസ്ഥിതിയിലാണ് കാര്യങ്ങൾ.
നിയമലംഘനം കൈയോടെ പൊക്കി
ഇന്നലെ ടൗൺ ബസ് സ്റ്റാൻഡ് കവാടത്തിൽ ബസ് സ്റ്റോപ്പിൽ തന്നെ രണ്ടുപേർ ഓട്ടോകളുമായി പാർക്ക് ചെയ്തിരുന്നു. ഇത് ബസ് കാത്തുനിൽക്കുന്നവർക്കും ഇവിടെ നിർത്തി ആളെ കയറ്റുന്ന ബസുകൾക്കുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. പരാതിയെ തുടർന്ന് ഇന്നലെ പാലാ ട്രാഫിക് പൊലീസെത്തി ഇവരെ നീക്കം ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ താക്കീത് ചെയ്തെന്നും നിയമലംഘനം തുടർന്നാൽ കേസെടുക്കുമെന്നും പാലാ ട്രാഫിക് എസ്.ഐ സാംസൺ പറഞ്ഞു.