വൈക്കം: വൈക്കം-വെച്ചൂർ റോഡിന് ശാപമോക്ഷമാകുന്നു. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ ആരംഭിച്ചു. കനത്ത മഴയിലാണ് റോഡ് തകർന്നത്. പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയ റോഡിന്റെ റിപ്പയറിങ് ജോലികൾ കെ.ആർ.എഫ്.ബി ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അടിയന്തിര അറ്റകുറ്റ പണികൾക്കായി പണം അനുവദിക്കണമെന്ന സി.കെ ആശ എം.എൽ.എയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ടെണ്ടർ നടപടികൾ ആരംഭിച്ച ഘട്ടത്തിൽ കോൺട്രാക്ടർമാരുടെ നിസഹകരണസമരം മൂലം നിർമ്മാണജോലി ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരാത്ത സാഹചര്യമുണ്ടായി. ഇതിനിടെ കൂടുതൽ മോശമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കൂടുതൽ പണം അനുവദിക്കണമെന്ന് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ രണ്ട് കോടി രൂപ അനുവദിച്ചു. ഈ തുകയ്ക്കും ആദ്യത്തെ ടെണ്ടറിൽ ആരും പങ്കെടുത്തിരുന്നില്ല. രണ്ടാമത്തെ ടെണ്ടറിന്റെ കാലാവധി ദീർഘിപ്പിച്ച് നൽകിയപ്പോൾ ഏറ്റെടുത്ത ടെണ്ടർ പ്രകാരമാണ് ഇപ്പോൾ അറ്റകുറ്റപണികൾ ജോലികൾ ആരംഭിച്ചിരിക്കുന്നത്.