കോട്ടയം: പലചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ രണ്ടു പേർ പിടിയിൽ. ഇടുക്കി താഴെതൊട്ടിയിൽ ബിജു 47), വെളിയാമറ്റം കറുകപ്പള്ളി കൊല്ലിയിൽ അജേഷ് (37) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ കോളേജ്പടി ഭാഗത്താണ് സംഭവം. പള്ളിക്കത്തോട് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ, കുളങ്ങര സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയുടെ മുൻപിൽ സ്‌കൂട്ടർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കടയുടെ വാതിൽ പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് കടയ്ക്കുള്ളിൽ നിന്നും പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ വാഴക്കുളത്ത് നിന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തി. കടയിലെ മോഷണത്തിന് മുൻപ് ചാമംപതാലിലെ ഷാപ്പിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കള്ള് കുടിക്കുകയും, രണ്ടുകുപ്പി മോഷ്ടിക്കുകയും ചെയ്തു. ഇവരുടെ കൈയ്യിൽ നിന്നും ഫ്‌ളാസ്‌കിനുള്ളിൽ സൂക്ഷിച്ച കള്ളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.