
തീക്കോയി : കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി നമ്പുടാകത്ത് ജോയി ആന്റണിയുടെ മകൻ സുനീപ് (34) ആണ് മരിച്ചത്. ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ സമാന്തര പാതയായ മംഗളഗിരി - ഒറ്റയീട്ടി റോഡിലെ താഴത്തുവെട്ടിപ്പാറയിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. ഒറ്റയീട്ടിയിലെ മാതാവിന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു സുനീപ്. താഴത്തുവെട്ടിപ്പാറയിലെത്തിയപ്പോൾ ഹമ്പിൽ ചാടി നിയന്ത്രണ വിട്ട കാർ റോഡിന്റെ വലതുവശത്തെ തിട്ടയിലിയിടിച്ചതിന് ശേഷം ഇടതുവശത്തെ കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. സുനീപ് മാത്രമാണ് കാറിലുണ്ടായിരുന്നത്. 400 അടിയോളം താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. പ്രദേശവാസികളായ തൊഴിലാളികളാണ് കാറിൽ നിന്ന് സുനീപിനെ പുറത്തെടുത്തത്. ഉടൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈരാറ്റുപേട്ട പൊലീസും അഗ്‌നിശമനസേനയയും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മാതാവ് : ലില്ലിക്കുട്ടി. സഹോദരങ്ങൾ : സുമോദ്,സുബീഷ്. സംസ്‌കാരം ഇന്ന് 4ന് തീക്കോയി സെന്റ് മേരീസ് പള്ളിയിൽ.