പൊൻകുന്നം : കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ വർക്ക്‌ഷോപ്പിന് പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് രണ്ടുവർഷം മുമ്പ് ഡോ.എൻ.ജയരാജ് എം.എൽ.എ നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡിപ്പോയിൽ ചേർന്ന ആലോചനായോഗത്തിലായിരുന്നു തീരുമാനം. ഡിപ്പോയുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാനും യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഡിപ്പോയിൽ നേരത്തെ ഉണ്ടായിരുന്നതും പിന്നീട് നിന്നുപോയതുമായ ബസ് സ്റ്റാൻഡ് പുന:സ്ഥാപിക്കും. ദേശീയപാതയിൽ നിന്ന് നേരിട്ട് ഡിപ്പോയിലെത്തുന്നതിന് റോഡ് നിർമ്മിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളും. അതോടൊപ്പം ഇപ്പോൾ ഗാരേജും വർക്ക്‌ഷോപ്പും പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി ആധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കും എന്നിങ്ങനെ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി.

കെട്ടിടം അപകടാവസ്ഥയിൽ

നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതാണ് വർക്ക്‌ഷോപ്പ് പ്രവർത്തിക്കുന്ന മേൽക്കൂര ഷീറ്റിട്ട കെട്ടിടം. കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച കെട്ടിടം അപകടാവസ്ഥയിലാണ്. 1979ൽ ഗതാഗതവകുപ്പുമന്ത്രിയായിരുന്ന കെ.നാരായണക്കുറുപ്പാണ് പൊൻകുന്നം ഡിപ്പോ സ്ഥാപിച്ചത്. തുടക്കത്തിൽ ബസ് സ്റ്റാൻഡും വെയിറ്റിംഗ് ഷെഡ്ഡും, യാത്രക്കാർക്കാവശ്യമായ അനുബന്ധസൗകര്യങ്ങളും, കാന്റീനും എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ ബസ് സ്‌റ്റേഷൻ എന്ന ബോർഡ് മാത്രമുണ്ട്. പേരിനൊരു ഡിപ്പോ പ്രവർത്തിക്കുന്നുെണ്ടന്നാണ് പറയുന്നത്. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസിൽ കയറണമെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പോയി നിൽക്കണം. ഡിപ്പോയുടെ വികസനം നാട്ടുകാരുടെ എക്കാലത്തേയും സ്വപ്‌നവും എത്രയും വേഗം നടപ്പാക്കേണ്ട കാര്യവുമാണെന്ന് നാട്ടുകാർ പറയുന്നു.