
കോട്ടയം: ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം എന്ന നഗരസഭയുടെ ബഡ്ജറ്റ് പ്രഖ്യാപനം കടലാസിലൊതുങ്ങി. മതിയായ മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതിനാൽ നഗരത്തിലെ മാലിന്യ സംസ്‌കരണ പോയിന്റുകളിൽ മാലിന്യം കുമിഞ്ഞ് കൂടിയത് ദുരിതമായി മാറുകയാണ്.
നഗരസഭയുടെ 2022, 23 ബഡ്ജറ്റിൽ നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കാണ് ഊന്നൽ നൽകിയത്. എന്നാൽ നഗരത്തിൽ പലയിടത്തും മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുന്നില്ല. കുന്നുകൂടിയ മാലിന്യം അഴുകി പുഴുപിടിച്ച നിലയിലാണ്. അറവ് ശാലയിലെ മാലിന്യങ്ങളടക്കംഅഴുകി മലിനജലം റോഡിലൂടെ പരന്നൊഴുകുന്ന അവസ്ഥയുമുണ്ട്. ഇത് രോഗവ്യാപനത്തിനും ഇടയാക്കുന്നു.
തിരുനക്കര തെക്കേഗോപുരം, ശ്രീനിവാസ അയ്യർ റോഡ്, കാരാപ്പുഴ റോഡ് എന്നിവിടങ്ങളിലാണ് റോഡരികിൽ മാലിന്യ മല രൂപപ്പെട്ടിരിക്കുന്നത്. ചാക്കിലും പ്ലാസ്റ്റിക്ക് കവറുകളിലുമായി വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യമാണ് തള്ളിയിരിക്കുന്നത്. മാലിന്യം നിറഞ്ഞത് മൂലം റോഡിലേക്ക് ഇവ കവിഞ്ഞ് കിടക്കുന്ന നിലയിലുമാണ്. ശ്രീനിവാസ അയ്യർ റോഡിൽ കോട്ടയം ഡിസ്ട്രിക്ട് പോസ്റ്റ്‌സ് ടെലികോം ആൻഡ് ബി.എസ്.എൻ.എൽ എംപ്ലോയീസ് സഹകരണ ബാങ്കിന് എതിർവശത്താണ് മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്നത്.
ഇനി എന്ത് സംവിധാനം!
നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂർ ഡംമ്പിംഗ് യാർഡ് അടച്ചു പൂട്ടിയതിനുശേഷം മാലിന്യ സംസ്‌കരണത്തിന് യാതൊരു സംവിധാനവും ഇവിടെ ഇല്ല. മാലിന്യ സംസ്‌കരണത്തിനു വിവിധ പദ്ധതികൾ ബഡ്ജറ്റിൽ ആവിഷ്‌ക്കരിച്ചുവെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ല. തുമ്പൂർമൂഴി മോഡൽ പ്രോജക്ട് പലയിടത്തും സ്ഥാപിച്ചെങ്കിലും മാലിന്യ സംസ്‌ക്കരണം നടക്കുന്നില്ല.