വൈക്കം : ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് കമ്മ്യൂണിസ്​റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്നയാളാണ് എൻ.കെ.കമലാസനനെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ പറഞ്ഞു. ബി.കെ.എം.യു വൈക്കം താലൂക്ക് കമ്മി​റ്റി സംഘടിപ്പിച്ച എൻ.കെ.കമലാസനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പ്രവർത്തനങ്ങൾ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും മുന്നേ​റ്റത്തിനും പ്രചോദനമായി. യൂണിയന്റെ ആദ്യകാലം മുതൽതന്നെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിൽ കമലാസനൻ സജീവമായി. അറിവിന്റെയും അനുഭവത്തിന്റെയും കരുത്തിലാണ് അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രഗ്രന്ഥം രചിച്ചത്. ഈ ഗ്രന്ഥം കുട്ടനാടിന്റെ ഇതിഹാസ ഗ്രന്ഥമായി മാറി. കുട്ടനാടിന്റെ ചരിത്രകാരനായ എൻ.കെ കമലാസനന്റെ സ്മരണകൾ എന്നും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി.എസ്.പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.എൻ രമേശൻ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എൻ അനിൽ ബിശ്വാസ്, പി.പ്രദീപ്, ഡി.ബാബു, സി.എൻ.പ്രദീപ്, എം.കെ.കുട്ടൻ എന്നിവർ പ്രസംഗിച്ചു.