പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലേക്ക് കയറിയ സ്വകാര്യ ബസിന്റെ മുൻചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു. മുൻവശം കുത്തി നിന്ന ബസിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു അപകടം. പാലായിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട പ്രിയദർശനി ബസ്, പാലാ ടൗൺ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കൊട്ടാരമറ്റത്തെത്തി ബസ് ടെർമിനലിലേക്ക് പ്രവേശിച്ചയുടൻ ആക്‌സിൽ ഒടിയുകയും വലതുവശത്തെ മുൻചക്രം ഊരിപ്പോകുകയുമായിരുന്നു. ഈ വശം കുത്തി ബസ് നിന്നു. ബസിൽ നാല്പതോളം യാത്രാക്കാർ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പാലാ ട്രാഫിക് പൊലീസും സ്ഥലത്തെത്തിയിരുന്നു.