karivatom-padam-

കോട്ടയം. വേനൽമഴയ്ക്ക് താത്കാലിക ശമനമായതോടെ, പാടശേഖരങ്ങളിലെ നെല്ല് കൊയ്‌തെടുക്കാനുള്ള തത്രപ്പാടിലാണ് ഒരോ കർഷകനും. എന്നാൽ കൊയ്ത്ത് യന്ത്രങ്ങളുടെ കുറവുമൂലം, കൊയ്ത്ത് നടക്കുന്ന മറ്റ് പാടശേഖരങ്ങളിൽ കാത്തുകിടന്ന് യന്ത്രങ്ങൾ കൊണ്ടുപോകേണ്ട സ്ഥിതിയാണ്.

നാട്ടകം പാറേച്ചാൽ ബൈപ്പാസ് പാടശേഖരത്തിൽ കൊയ്ത്ത് നടക്കുന്നുണ്ട്. 13 എണ്ണം പറഞ്ഞുറപ്പിച്ചതിൽ മൂന്ന് യന്ത്രം മാത്രമാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം കേടായി. തമിഴ്‌നാട്ടിൽ നിന്നാണ് യന്ത്രം എത്തിക്കുന്നത്. കിലോമീറ്ററുകൾ സഞ്ചരിച്ച്, പുറം ബണ്ടിൽ കൊയ്ത്ത് യന്ത്രം കൊണ്ടു പോകാനായി എത്തിയിട്ട് മൂന്ന് ദിവസമായെന്ന് കർഷകർ പറയുന്നു. പാടത്ത് നനവുള്ളതുകൊണ്ടും നെല്ല് വീണുകിടക്കുന്നതുമൂലവും കൊയ്ത്ത് പിന്നെയും വൈകുകയാണ്.

300 ഏക്കറുള്ള കുറിച്ചി കരിവട്ടം പാടശേഖരം യന്ത്രം ലഭിക്കാത്തതിനാൽ 129 ദിവസമായി കൊയ്‌തിട്ടില്ല. സമീപത്തുള്ള 55 ഏക്കറിലെ മുക്കാട്ട് പാക്ക, 50 ഏക്കറിലെ കൊച്ചുവള്ളം എന്നിവ 125 ദിവസവും പിന്നിട്ടു. ഒരേക്കറിന് മുപ്പതിനായിരം രൂപ ചെലവിലാണ് കൃഷിയിറക്കിയത്. മാർച്ചിൽ കൊയ്‌തെടുക്കേണ്ട പാടമാണ് ഏപ്രിൽ അവസാനമായിട്ടും യന്ത്രം കാത്തുകിടക്കുന്നത്. ഒരു മണിക്കൂറിന് 2000 രൂപ മുതലാണ് യന്ത്ര വാടക ഈടാക്കുന്നത്. കൊയ്‌തെടുത്ത നെല്ലിന് ക്വിന്റലിന് 2800 രൂപയാണ് ലഭിക്കുക. പാടശേഖരങ്ങളിലെ പുറംബണ്ടുകളുടെ കാലപ്പഴക്കമാണ് വെള്ളം പൊങ്ങി വിതയ്ക്കാനടക്കം കൃഷി വൈകിപ്പിച്ചത്. മുൻവർഷങ്ങളിൽ മാർച്ചിൽ നെല്ല് മില്ലുകളിലേക്ക് കയറിപ്പോയിരുന്നു.

കരിവട്ടം പാടശേഖര സമിതി കൺവീനർ സുനിൽ പറയുന്നു.

30 വർഷം പഴക്കമുള്ള പുറംബണ്ടുകളാണ് പലയിടത്തും. വേനൽ മഴയെത്തിയതോടെ കൃഷി നാശത്തിനും കാരണമായി. ഇനി കൊയ്‌തെടുത്താലും കർഷകർക്ക് നഷ്ടമാണ്.