ചങ്ങനാശേരി: തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. എസ്.എൻ.ഡി.പി യോഗം 59, 1348, 1349 ാം നമ്പർ ശാഖകളുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവം മേയ് 5ന് സമാപിക്കും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലും, ക്ഷേത്രം മേൽശാന്തി ഉല്ലല കണ്ണൻ ശാന്തിയുടെ സഹകാർമ്മികത്വത്തിലുമായിരുന്നു കൊടിയേറ്റ്. തുടർന്ന്, ആകാശവിസ്മയം, അങ്കുരാർപ്പണം, കൊടിയേറ്റ് സദ്യ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ്, മംഗളപൂജ എന്നിവയും നടന്നു.

ഇന്ന് വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം യോഗം പ്രസിഡന്റ് എം.വി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണവും, സെക്രട്ടറി സുരേഷ് പരമേശ്വരൻ അവാർഡ് വിതരണവും നിർവഹിക്കും. കോലേട്ട് കെ.എ തോമസുകുട്ടി വിദ്യാഭ്യാസ കാഷ് അവാർഡ് സമർപ്പിക്കും. ഉത്സവ കമ്മിറ്റി ചെയർമാൻ സി.ജി.പവിത്രൻ, 59ാം നമ്പർ ശാഖ പ്രസിഡന്റ് എ.ജി.ഷാജി, 1348ാം നമ്പർ ശാഖ പ്രസിഡന്റ് അശോക് കുമാർ, 1349ാം നമ്പർ ശാഖ പ്രസിഡന്റ് എ.പി.രാജൻ, സെക്രട്ടറിമാരായ കെ.എസ്.ഷാജി, രതീഷ്, റ്റി.ആനന്ദൻ, എം.വി സുകുമാരൻ, എം.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.