കോട്ടയം : ആനപ്രേമികളുടെ പ്രിയ താരമായ തിരുനക്കര ശിവനെ വയസുകാലത്ത് തല്ലി ചട്ടം പഠിപ്പിക്കാൻ നിയോഗിച്ച പാപ്പാൻ വിഷ്ണുവിന്റെ സ്ഥലംമാറ്റം കടുത്ത പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചു. ഭക്തജനങ്ങളുൂടെ ആവശ്യപ്രകാരം ശിവനുമായി നന്നായി ഇണങ്ങിയ ഗോപനെ ഹരിപ്പാട്ട് നിന്ന് തിരുനക്കരയിലേക്ക് മാറ്റി നിയമിച്ചു. വിഷ്ണു തിരുനക്കരയിൽ എത്തിയെങ്കിലും ഭക്തജനങ്ങളുടെ എതിർപ്പ് കാരണം ശിവനെ ചട്ടം പഠിപ്പിക്കാൻ ദേവസ്വം ബോർഡ് അനുവദിച്ചിരുന്നില്ല. രണ്ടു വർഷം പാപ്പാനായിരിക്കെ ശിവനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ വിഷ്ണുവിനെ വീണ്ടും തിരുനക്കരയിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിഷ്ണുവിന് പകരം ഗോപൻ മതിയെന്ന ഭക്തജനങ്ങളുടെ ആവശ്യം ഹരിപ്പാട്ടെ ഡെപ്യൂട്ടി കമ്മിഷണർ നിരസിച്ചു. വിഷ്ണുവിനെ തിരുനക്കരയിലേക്ക് സ്ഥലം മാറ്റിയുള്ള ഓർഡർ ഇറക്കി.
ഭീകരമായ മർദ്ദനം
കോലിന് തല്ലിയും മർമ്മ സ്ഥാനങ്ങളിൽ തോട്ടിക്ക് കുത്തി വലിച്ച് പേടിപ്പിച്ചുമാണ് ചട്ടം പഠിപ്പിക്കുക. ഇരണ്ടകെട്ടു വന്ന് അവശനിലയിലായി മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് സമീപകാലത്താണ് ശിവൻ തിരിച്ചു വന്നത്. അണപ്പല്ല് തേഞ്ഞു പോയതിനാൽ പുല്ല് മാത്രമാണ് തീറ്റയായി നൽകുന്നത്. ക്രൂരരെന്ന് ഭക്തജനങ്ങൾ വിശേഷിപ്പിച്ചിട്ടുള്ള പാപ്പാൻ വിഷ്ണു ഇനിയും തല്ലി ചട്ടം പഠിപ്പിച്ചാൽ അനാരോഗ്യവാനായ ശിവൻ അകാലത്തിൽ ചെരിയുമെന്നാരോപിച്ചായിരുന്നു ആന പ്രേമികളുടെ പ്രതിഷേധം. ശിവനെ നന്നായി പരിപാലിച്ചു വന്ന അരഡസനിലേറെ പാപ്പാൻ മാരെ ഇതിനകം മാറ്റിയത് വിവാദമായിരുന്നു. ശിവനെ മർദ്ദിക്കുന്നുണ്ടോ എന്നറിയാൻ ആനക്കൊട്ടിലിന് സമീപം ആന പ്രേമികൾ സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു.
ഭക്തജനങ്ങളുടെ എതിർപ്പ് പരിഗണിച്ച് വിഷ്ണുവിനെ പാപ്പാനാക്കാനുള്ള തീരുമാനം മാറ്റി. പകരം ഗോപനെ പാപ്പാനായി നിയമിച്ച ദേവസ്വം ബോർഡ് അധികൃതർക്ക് നന്ദി. ഇതുമായി ബന്ധപ്പെട്ട് നിരന്തരം വാർത്ത നൽകി അധികൃതരുടെ കണ്ണു തുറപ്പിച്ച കേരളകൗമുദിയ്ക്ക് പ്രത്യേക അഭിനന്ദനം
ടി.സി.ഗണേഷ്, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ്