അതിരമ്പുഴ : ആറു വയസുള്ള കുരുന്ന് ജീവൻ രക്ഷിക്കാൻ അതിരമ്പുഴ നിവാസികൾ ഒന്നിക്കുന്നു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ബ്ലഡ് കാൻസർ) ബാധിച്ച കുട്ടിയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ കണ്ടെത്താനുള്ള കാരുണ്യ സ്പർശം പൊതു ധനസമാഹരണം മേയ് 1 ന് നടക്കും. അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ കീഴേടത്ത് ജസ്റ്റിന്റെയും ജിൻസിയുടെയും മകനായ ജറോമിനായാണ് നാടിന്റെ കൈകോർക്കൽ. കോഴിക്കോട് എം.വി.ആർ ഹോസ്പിറ്റലിലാണ് ചികിത്സ. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയും ജീവൻ രക്ഷാസമിതിയും കൈകോർത്ത് ചങ്ങനാശേരി പ്രത്യാശയുടെ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂർ കൊണ്ട് 30 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
തോമസ് ചാഴികാടൻ എം.പി, മന്ത്രി വി.എൻ.വാസവൻ, അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ (മുഖ്യ രക്ഷാധികാരികൾ), ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ആൻസ് വർഗീസ്, ജയിംസ് കുര്യൻ, അന്നമ്മ മാണി (രക്ഷാധികാരികൾ), ബിജു വലിയമല (പഞ്ചായത്ത് പ്രസിഡന്റ്), ആലീസ് ജോസഫ് (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജോൺ ജോസഫ് പാറപ്പുറത്ത് (ജനറൽ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മിറ്റിയും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ്തല കമ്മിറ്റികളും രൂപീകരിച്ചു. പഞ്ചായത്തിലെ 22 വാർഡുകളിലെയും മുഴുവൻ വീടുകളും സന്നദ്ധ പ്രവർത്തകർ സന്ദർശിച്ച് ധനസമാഹരണത്തിന്റെ വിവരങ്ങൾ കൈമാറി.