കോട്ടയം : ചിരട്ട ഉപയോഗിച്ചുള്ള തവിയാണ് ഭൂരിഭാഗം പേർക്കും സുപരിചിതം. എന്നാൽ കൂജ, ജഗ്, വാൾ, വീണ, മയിൽ മൃദംഗം, കൊക്ക് തുടങ്ങിയവ ചിരട്ടയിൽ നിർമ്മിച്ച് വിസ്മയം തീർക്കുകയാണ് ഞാലിയാകുഴി സ്വദേശി രാജൻ. നാഗമ്പടത്ത് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പ്രധാന സ്റ്റാളിൽ ഇത് ഇടംപിടിച്ചിട്ടുണ്ട്. ഹോട്ടൽ കുക്കായിരുന്ന രാജന് ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് വീട്ടിൽ ഉപയോഗശൂന്യമായ ചിരട്ട ഉപയോഗിച്ച് തവി നിർമ്മിച്ചെടുത്തായിരുന്നു തുടക്കം. ഇത് വിജയകരമായതോടെ, വിവിധ തരത്തിലുള്ള വസ്തുക്കൾ നിർമ്മിച്ചു തുടങ്ങി. കസേര, റ്റീപ്പോ എന്നിങ്ങനെ വ്യത്യസ്തമായവ ചെയ്തതോടെ ആവശ്യക്കാരും എത്തി. തവിയുടെ വില 50 രൂപയാണ്. മറ്റുള്ളവയ്ക്ക് 500, 800, 1000, 2000, 3000 എന്നിങ്ങനെ. ആക്‌സോ ബ്ലേഡ്, സാൻ പേപ്പർ, പശ, എംസിൽ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം. പോളിഷ് ചെയ്തതിനാൽ ഈട് നിൽക്കുന്നവയാണിവ.