കോട്ടയം : ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാരാപ്പുഴ പാലത്തിന്റെ കൈവരി തകർന്നത് അപകടഭീതി ഉയർത്തുന്നു.

പാലത്തിന്റെ മദ്ധ്യഭാഗത്തെ കൈവരിയാണ് നടപ്പാതയിലേക്ക് വീണ് കിടക്കുന്നത്. 2010 ൽ വി.എൻ വാസവൻ എം.എൽ.എ ആയിരുന്ന കാലത്താണ് പാലം നിർമ്മാണോദ്ഘാടനം നടന്നത്. പല ഭാഗത്തും കോൺക്രീറ്റ് അടർന്ന് മാറിയ നിലയിലാണ്. കൈവരി തകർന്ന ഭാഗത്ത് താത്ക്കാലികമായി കമ്പ് കെട്ടിവച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി പേരാണ് തകർന്നു കിടക്കുന്ന കൈവരിയ്ക്ക് സമീപത്തെ നടപ്പാതയിലൂടെ കടന്നു പോകുന്നത്. കോൺക്രീറ്റ് കൈവരിയിൽ യത്രക്കാർ കാൽതട്ടിവീഴുന്നതും നിത്യസംഭവമാണ്. സിമന്റ് അടർന്ന് മാറിയ ഭാഗത്ത് കോൺക്രീറ്റ് കമ്പി പുറത്തേക്ക് തള്ളിനിൽക്കുന്നതും അപകടത്തിനും ഇടയാക്കുന്നു. നടപ്പാതയിലെ ടൈൽ ഇളകി മാറിയ നിലയിലാണ്. മാസങ്ങളായി തകർന്ന കൈവരി അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.