രാമപുരം: ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതിയിൽ പഞ്ചായത്തിന്റെ പദ്ധതി തുക പാഴായെന്ന ഇടതുമുന്നണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ്, മെമ്പർമാർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 80 ശതമാനത്തിന് മുകളിൽ ചിലവഴിച്ച ഒരു പദ്ധതിയുടെയും ഒരു രൂപ പോലും പഞ്ചായത്തിന് നഷ്ടപ്പെടില്ല. പൊതുവിഭാഗത്തിലും പട്ടികജാതിപട്ടികവർഗ്ഗമേഖലയിലും റോഡ് നിർമ്മാണ മേഖലയിലും 80 ശതമാനത്തിനും 95 ശതമാനത്തിനും മുകളിൽ ഫണ്ട് വിനിയോഗം നടന്നതായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ സർക്കാർ ഡിപ്പാർട്ടുമെന്റുകളുടെ കെടുകാര്യസ്ഥതയും മൂലം സമയബന്ധിതമായി എസ്റ്റിമേറ്റ് ലഭിക്കാത്തതാണ് ചില വർക്കുകൾ ടെണ്ടർ ചെയ്യുന്നതിന് താമസം വന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നിലവിൽ ഇടതുമുന്നണി സമരത്തിനിറങ്ങാൻ പ്രധാന കാരണം മുൻ പ്രസിഡന്റ് പുറമ്പോക്ക് കെട്ടിയെടുത്തതും പുറമ്പോക്കിൽ നിൽക്കുന്ന തടികൾ വിൽക്കാൻ നടത്തിയതുമായ ശ്രമങ്ങൾ തടഞ്ഞതുകൊണ്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചൂണ്ടിക്കാട്ടി