പാലാ: പൂവരണി ക്ഷേത്രം-കിഴപറയാർ റോഡ് ആകെത്തകർന്നു. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടിൽ നിന്നും ജോസ് കെ. മാണി എം.പിയുടെ ശ്രമഫലമായി ഒന്നരക്കോടി രൂപാ അനുവദിപ്പിച്ച് പണിയാരംഭിച്ച റോഡിന്റെ നിർമ്മാണ ജോലികളും നിലച്ച അവസ്ഥയിലാണ്.
മുൻപഞ്ചായത്ത് മെമ്പർ കെ.ബി. സുരേഷ് കല്ലക്കുളത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ റോഡിനാവശ്യമായ സ്ഥലം പൊതുജനങ്ങൾ സൗജന്യമായി വിട്ടുനൽകുകയായിരുന്നു. 8 മീറ്റർ വീതിയിലാണ് റോഡിന്റെ പണിയാരംഭിച്ചത്.
വലിപ്പമേറിയ മെറ്റൽ നിരത്തിയതല്ലാതെ മറ്റ് ജോലികളൊന്നും പൂർത്തീകരിച്ചില്ല. ഇതോടെ റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായി.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതായും പരാതിയുണ്ട്.
റോഡിന്റെ ഭാഗത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ നിർമ്മിച്ചിരുന്ന പാലം പൊളിച്ചുനീക്കിയത് കിഴപറയാർ ആശുപത്രിയിലേക്കും മറ്റും പോകുന്ന രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്.
പരാതി നൽകി,
പക്ഷേ ഫലമില്ല
റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയിരുന്നു.
റോഡിന് സൗജന്യമായി സ്ഥലങ്ങൾ വിട്ടുനൽകിയ ആളുകൾ ഈ സ്ഥലം ഇപ്പോൾ സ്വന്തം സ്ഥലത്തോട് വീണ്ടും ചേർത്തുകഴിഞ്ഞു. റോഡ് ഇനി ഉണ്ടാകുമോ എന്ന പ്രതീക്ഷ ഇല്ലാത്തതിനാലാണ് ആളുകൾ വിട്ടുകൊടുത്ത സ്ഥലം വീണ്ടും സ്വന്തമാക്കി തുടങ്ങിയത്.