vijay-babu

കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണ പരാതിക്ക് മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്തെത്തി. എഫ്ബി ലൈവിലൂടെയാണ് വിജയ് ബാബു പരാതിക്കാരിക്കെതിരെ തുറന്നടിച്ചത്. ലൈവിൽ പരാതിക്കാരിയുടെ പേര് ഉൾപ്പടെ വെളിപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ ഇര താന്‍ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്‌നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു.

'2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ അവർക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. എന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും എന്റെ കൈവശമുണ്ട്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. എന്നെ കാണാന്‍ വേണ്ടി ഇവര്‍ എത്രയോ വട്ടം എനിക്ക് മെസേജുകള്‍ അയച്ചിരിക്കുന്നു. ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല-വിജയ് ബാബു ലൈവിൽ പറഞ്ഞു.

കഴിഞ്ഞദിവസമാണ് വിജയ് ബാബുവിനെതിരായ യുവതി പരാതി നൽകിയത്. എറണാകുളം സൗത്ത് പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. എന്നാൽ കേസുമായി ബന്ധപ്പെട്ട് വിജയ് ബാബുവിനെ ഇതുവരെ ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.