
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി രംഗത്തെത്തി. ഉദ്യോഗസ്ഥരെ സർക്കാർ മാറ്റുന്നത് സ്വാഭാവികമാണെന്നും ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, അന്വേഷണ മേൽനോട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും പി സതീദേവി പറഞ്ഞു.
'സർക്കാർ ഉദ്യോഗസ്ഥരെ മാറ്റുന്നത് പതിവുകാര്യമാണ്. ശ്രീജിത്തിനെ മാത്രമല്ല മറ്റ് ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ഇതെല്ലാം സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഡബ്ള്യു സി സിയുടെ ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ല. സ്ത്രീ പീഡനകേസുകളിലെ നയം മാറ്റം ഉണ്ടായിട്ടില്ല'-വനിതാ കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞു.
കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിൽ ഡബ്ള്യു സി സി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നരമാസം കൂടി നീട്ടി കിട്ടിയ അവസ്ഥയിൽ നിന്നും സ്ഥിരം പൊലീസ് സിനിമകളിലെ ആന്റി ക്ളൈമാക്‌സ് രംഗംപോലെ അന്വേഷണോദ്യോഗസ്ഥനെ മാറ്റുന്നത് നിരാശാജനകമാണെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ഡബ്ള്യു സി സി പറഞ്ഞത്.