
ന്യൂഡൽഹി: നാലാം തരംഗത്തിന്റെ ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 2451 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി മൂന്നാംദിവസമാണ് രോഗബാധിതരുടെ എണ്ണം 2,000 കടക്കുന്നത്. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് നാലാം തരംഗത്തിലേക്ക് വിരൽ ചൂണ്ടുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്. രോഗമുക്തി നിരക്ക് ഉയരുന്നു എന്നത് ആശ്വാസത്തിന് ഇടനൽകുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
പലയിടങ്ങളിലും പുതിയ കൊവിഡ് ക്ളസ്റ്ററുകൾ രൂപം കൊള്ളുന്നതാണ് ആശങ്ക കടുപ്പിക്കുന്നത്. കഴിഞ്ഞദിവസം മദ്രാസ് ഐഐടിയിലെ 12 വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പതിനെട്ടുപേരെ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് കേസുകൾ ഉയരുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ജനിതക മാറ്റം വന്ന പുതിയ വകഭേദമാണോ അതോ പഴയ വകഭേദം തന്നെ രോഗം പരത്തുകയാണോ എന്നതും അവ്യക്തം. ജനങ്ങളിൽ പ്രതിരോധശേഷി കുറയുന്നതും നിയന്ത്രണങ്ങളിലെ അലംഭാവവും കാരണമായേക്കാം. മൂന്നാം തരംഗത്തിനുശേഷം രോഗികളുടെ എണ്ണത്തിൽ കുറവുവന്നതോടെ പല സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
ആഗോള തലത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന വകഭേദമായ ഒമിക്രോണിന് നാല് ഉപവിഭാഗങ്ങളാണുള്ളത്. ബിഎ1, ബിഎ2,ബിഎ3, ബിഎ4. ഇതിൽ ബിഎ1, ബിഎ2 എന്നിവയാണ് ഇന്ത്യയിൽ കൂടുതലായി കാണപ്പെടുന്നത്. ബിഎ1, ബിഎ2 എന്നിവയുടെ സങ്കര ഇനമായ എക്‌സ് ഇയും ഇന്ത്യയിൽ കണ്ടെത്തിയിരുന്നു.