brahmos

ന്യൂഡൽഹി: കണ്ണടച്ച് തു‌റക്കുംമുമ്പ് എല്ലാം കഴിയും. എന്താണ് സംഭവിച്ചതെന്ന് ശത്രുക്കൾക്ക് ഓർത്തെടുക്കാൻ പോലും കഴിയില്ല. കഴിഞ്ഞ ദിവസത്തെ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഒന്നുകൂടി വർദ്ധിച്ചിരിക്കുകയാണ്. ചൈനയിലെയും പാകിസ്ഥാനിലെയും ലക്ഷ്യങ്ങൾ ഞൊടിയിടകൊണ്ട് തകർന്ന് തരിപ്പണമാക്കാം.ഏതുകാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയും എന്ന പ്രത്യേകയും ഈ മിസൈലിനുണ്ട്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്‌മോസ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. അതിനാൽത്തന്നെ ശത്രുക്കൾക്ക് പ്രത്യാക്രമണത്തിന് സമയം കിട്ടില്ല. 290 കിലോമീറ്റര്‍ ആയിരുന്നു ദൂര പരിധി. ഇതിപ്പോൾ 350 കിലോമീറ്ററായി വർദ്ധിപ്പിച്ചു എന്നും റിപ്പോർട്ടുണ്ട്.

ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ ലക്ഷ്യം അണുവിട തെറ്റില്ല. കഴിഞ്ഞദിവസത്തെ പരീക്ഷണത്തിലും ഇക്കാര്യം വ്യക്തമായതാണ്. നാവികസേനയുടെ ഡീ കമ്മീഷൻ ചെയ്ത കപ്പലായിരുന്നു മിസൈലിന്റെ ടാര്‍ജറ്റ്‌. പോർമുനയില്ലാതെ ശബ്ദാധിവേഗത്തിൽ പാഞ്ഞെത്തിയ മിസൈൽ കപ്പലിന്റെ വശത്ത് വലിയ വൻ ദ്വാരം വീഴ്ത്തുകയായിരുന്നു. സുഖോയ് -30 ഫൈറ്റർ യുദ്ധവിമാനത്തില്‍ നിന്നാണ് പരീക്ഷണത്തിനായി മിസൈൽ തൊടുത്തതെങ്കിലും അന്തർവാഹിനികൾ, കപ്പലുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ നിന്നും തൊടുക്കാനാവും. ബ്രഹ്മോസ് എയറോസ്പേസിൽ വച്ച് റഷ്യയുമായി ചേർന്നാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കുന്നത്. മാർച്ച് 5ന് ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ ദീർഘദൂരപതിപ്പ് നാവികസേന ഐ.എൻ.എസ്. ചെന്നൈയിൽനിന്ന് വിജയകരമായി പരീക്ഷിച്ചിരുന്നു. അതും വിജയമായിരുന്നു.