
അഹമ്മദാബാദ്: ഇന്ത്യ സന്ദർശിക്കുന്ന രാഷ്ട്രത്തലവന്മാർ സാധാരണ എത്തുന്നത് ഡൽഹിയിലാണ്. ഇന്ത്യൻ പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായുള്ള കൂടിക്കാഴ്ച ഉൾപ്പടെയുള്ളവ നടക്കുന്നതും രാജ്യ തലസ്ഥാനത്തുതന്നെയാണ്. എന്നാൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഇതിനെല്ലാം മാറ്റംവരികയായിരുന്നു. ലോകത്തെ വൻ ശക്തിരാജ്യങ്ങളുടെ തലവന്മാർ പതിവ് തെറ്റിച്ച് ഇപ്പോൾ എത്തിച്ചേരുന്നത് മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലാണ്. അമേരിക്ക, ചൈന, ജപ്പാൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് ഗുജറാത്തിൽ എത്തിയത്. ഗുജറാത്തിന്റെ വികസനം മുന്നിൽ കണ്ടാണ് മോദിയുടെ ഈ നീക്കം എന്നാണ് പലരും വിലയിരുത്തുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണെങ്കിലും തന്നെ താനാക്കി വളർത്തിയ ഗുജറാത്തിനെ കൈവിടാൻ ഒരുക്കമല്ലെന്ന വ്യക്തമായ സന്ദേശമാണ് മോദി ഇതിലൂടെ നൽകുന്നതെന്നും അവർ പറയുന്നു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചത് അഹമ്മദാബാദിൽ നിന്നായിരുന്നു. ഒന്നാം മോദി സർക്കാർ അധികാരമേറ്റ് മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു ഇത്. സന്ദർശനത്തിന്റെ ആദ്യദിനം ചൈനീസ് പ്രസിഡന്റ് ഗുജറാത്തിന് വാരിക്കോരിയാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തത്. വ്യവസായ പാർക്ക്,ചൈനയിലെ ഗ്വാങ്ഷുവും അഹമ്മദാബാദുമായുള്ള സഹകരണം, റെയിൽവേ വികസനം തുടങ്ങിയ വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു. മോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരം വെളുത്ത ഷർട്ടിന് മുകളിൽ ഖാദി ജാക്കറ്റ് ധരിച്ച് ഇന്ത്യക്കാരനെപ്പോലെ ഷീ ജിൻ പിങ് സബർമതി ആശ്രമം സന്ദർശിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.
2020 ഫെബ്രുവരിയിലാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ എത്തിയത്. റോഡ് ഷോ ഉൾപ്പടെയുള്ള വൻ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മോദിയും ട്രംപും സംയുക്തമായാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആഗോള തലത്തിൽ ഇതും ചർച്ചചെയ്യപ്പെടുകയും വൻ വാർത്തയാവുകയും ചെയ്തിരുന്നു.
മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഇന്ത്യാ സന്ദർശനത്തിന് തുടക്കം കുറിച്ചത് ഗുജറാത്തിലായിരുന്നു. 2017ലായിരുന്നു ഇത്. അന്ന് ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വന്നിരുന്നു. ഷിന്‍സോ ആബെയ്ക്ക് ഗുജറാത്തില്‍ സ്വീകരണമൊരുക്കിയതിനു പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണിതെന്നും അവർ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ നിര്‍മാണോദ്ഘാടനം അടക്കം രണ്ടു ദിവസത്തെ പരിപാടികൾക്കുവേണ്ടിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഏറ്റവും ഒടുവിൽ സംസ്ഥാനത്ത് എത്തിയത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ്. ഇന്നുരാവിലെയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് അദ്ദേഹം അഹമ്മദാബാദിൽ വിമാനമിറങ്ങിയത്. ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് സ്വീകരിച്ചത്. ഇന്ന് പൂർണമായും ഗുജറാത്തിൽ തങ്ങുന്ന ബോറിസ് ജോൺസൺ രാത്രിയോടെ ഡൽഹിയിലേക്ക് പോകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക, സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് സന്ദർശനത്തിലൂടെ ബോറിസ് ജോൺസൺ ലക്ഷ്യമിടുന്നത്.പ്രതിരോധം, നയതന്ത്രം, സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് മോദിയുമായി ചർച്ച നടത്തും. വിവിധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. ഇതിനൊപ്പം ഭീകരവാദത്തിനെതിരായ നയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാവും എന്നാണ് കരുതുന്നത്.