
തിരുവന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയില്‍ പുതുയുഗത്തിനിറെ തുടക്കം എന്ന അവകാശവാദവുമായി തുടങ്ങിയ കെ എസ് ആർ ടി സി സ്വിഫ്ടിന് ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ അപകടം. കെഎസ് 042 ബസാണ് കോട്ടയ്ക്കലിൽ വച്ച് അപകടത്തിൽപ്പെട്ടത്. തടി ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട്ടി ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിഞ്ഞു. ഇതിനൊപ്പം മുൻ വശത്തെ ഗ്ളാസിന്റെ ഒരു മൂലയും പൊട്ടിയിട്ടുണ്ട്. അപകടം സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെയാണ് ആദ്യരണ്ട് അപകടങ്ങളും ഉണ്ടായത്. ആദ്യത്തെ അപകടം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലിൽ വച്ചായിരുന്നു രണ്ടാമത്തെ അപകടം. രണ്ട് അപകടത്തിലും ബസിന് കേടുപാടുകളുണ്ടായിരുന്നു.
ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വിഫ്ടിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. ഇവരിൽ ഭൂരിപക്ഷവും വോൾവോ ഉൾപ്പടെയുള്ള പുതുതലമുറ ബസുകൾ ഓടിച്ച് പരിചയമില്ലാത്തവരാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ബസുകൾ തുടരെത്തുടരെ അപകടത്തിൽപ്പെട്ടതും.