
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടാവാനും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
തമിഴ്നാടിന്റെ തെക്കൻ തീരപ്രദേശത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ചക്രവാതച്ചുഴിയുടെ ഭാഗമായാണ് ഇപ്പോഴത്തെ മഴ. ഇത് വരും ദിവസങ്ങളിലും തുടർന്നേക്കും എന്നാണ് മുന്നറിപ്പ്. ഇന്നലെ തിരുവനന്തപുരം ഉൾപ്പടെയുള്ള പലയിടങ്ങളിലും ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് തലസ്ഥാന ജില്ലയിൽ മാത്രം ഒരുകോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.