ksrtc

തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുന്നു. ഡിപ്പോകളിൽ സത്യാഗ്രഹ സമരം നടത്താനാണ് യൂണിയനുകളുടെ തീരുമാനം. ഇതിനാെപ്പം കോൺഗ്രസ് അനുകൂല ടി ഡി എഫ്, ബിജെപി അനുകൂല ബി എം എസ് യൂണിയനുകളും ശമ്പളം വൈകുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സി ഐ ടി യു, എ ഐ ടി യു സി യൂണിയനുകളുടെ സമരം സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം, മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഇടതുയൂണിയനുകളുടെ ശ്രമം എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

വിഷുവിനുമുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. ശമ്പളവും കുടിശികയും നൽകാൻ 97 കോടി രൂപയാണ് വേണ്ടത്. മാനേജ്‌മെന്റ് ധനവകുപ്പിനോട് 75 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് മുപ്പതുകോടി മാത്രമാണ്. ബാക്കി തുക സ്വന്തം കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അതിന് കഴിയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ധനവകുപ്പ് അനുദിച്ച മുപ്പതുകോടിതന്നെ കെ എസ് ആർ ടി സിയുടെ അക്കൗണ്ടിലെത്താൻ ഇനിയും സമയമെടുക്കും. അതിനാൽ വിഷുവിന് മുമ്പ് ഭാഗികമായി പോലും ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥയാണ്.

കൊവിഡിന് ശേഷം ഒരിക്കൽപ്പോലും തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല. സർക്കാൻ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ സാധാരണ നിലയിൽ സർവീസ് തുടങ്ങാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുള്ളത്. അതിനൊപ്പം ഡീസൽ നിരക്ക് കൂട്ടിയതും കെ എസ് ആർ ടി സിക്ക് തിരിച്ചടിയായിട്ടുണ്ട്.