
ലക്നൗ: യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ അഹമ്മദ് മുർതാസ അബ്ബാസിയെ ഭീകര സംഘടനയായ ഐസിസ് വശത്താക്കിയത് ഹണിട്രാപ്പ് വഴിയാണെന്ന് ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ( എ ടി എസ്) വ്യക്തമാക്കി. ഇ മെയിൽ വഴിയാണ് ബന്ധം തുടങ്ങിയതെന്നും ഐസിസ് ക്യാമ്പിൽ കുടുങ്ങിയതായി പറഞ്ഞ യുവതി തന്റെ ഫോട്ടോ അബ്ബാസിക്ക് അയച്ചുകൊടുത്ത് സഹായം തേടുകയായിരുന്നു എന്നുമാണ് എ ടി എസ് പറയുന്നത്. യുവതിക്ക് ഇയാൾ മൂന്നുതവണ പണം അയച്ചുകൊടുത്തിട്ടുണ്ട്. ഇന്ത്യയിൽ എത്തുമ്പോൾ കാണാമെന്ന് യുവതി വാക്കുനൽകിയെന്നും ഇ മെയിൽ കൈമാറ്റം തുടർന്നതോടെ മുർതാസ ഐസിസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
മുർതാസയ്ക്ക് ഐസിസുമായി ബന്ധമുണ്ടെന്നും, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഐസിസിന്റെ അക്കൗണ്ടിലേക്ക് മൂന്നുതവണ പണം കൈമാറ്റം ചെയ്തതായും എടിഎസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഐ ഐ ടി ബോംബെയിൽ നിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കെമിക്കൽ എഞ്ചിനീയർ മുർതാസ 2016ൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നിരവധി തവണ സിറിയയിലേക്ക് കടക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതെല്ളാം പരാജയപ്പെടുകയായിരുന്നു.
ഐസിസിനുവേണ്ടി രക്തസാക്ഷിയാവാൻ ഇയാൾ ആഗ്രഹിച്ചിരുന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയതിന് പിന്നിലെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. ഐസിസുമായി ബന്ധപ്പെട്ട ലേഖനങ്ങളും മറ്റും ഓൺലൈനിലൂടെ സ്ഥിരമായി വായിച്ചിരുന്നു. മുർതാസയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യാേഗസ്ഥർ.
ഐഐടിയിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മുർതാസ.ഒരു സ്വകാര്യ സ്ഥാപനത്തിലെ സോഫ്ട്‌വെയർ വിദഗ്ദ്ധനായി ജോലിനോക്കിയിരുന്ന ഇയാൾ സ്വന്തമായി ഒരു മൊബൈൽ ആപ്പ് പോലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. മതവിശ്വാസം കൂടുതൽ ഉള്ള ആളായിരുന്നു മുർതാസയെന്നും രാത്രി 11 മണി ആകുന്നതുവരെ തനിക്ക് കിടപ്പുമുറിയിൽ പ്രവേശനം ഉണ്ടായിരുന്നില്ളെന്നാണ് ഇയാളുടെ ഭാര്യ പറയുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാന പൂജാരിയായിട്ടുള്ള ക്ഷേത്രമാണ് ഗോരഖ്നാഥ് ക്ഷേത്രം.അതിനാൽ തന്നെ കർശന സുരക്ഷയാണ് ഇവിടെയുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിൽ ആക്രമണം ഉണ്ടായത്. മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാൻ ശ്രമിച്ച മുർതാസയെ തടയാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതോടെ അവരെ ആയുധംകൊണ്ട് മുറിവേൽപ്പിച്ചു. തുടർന്നാണ് മുർതാസയെ പിടികൂടിയത്.