
കോട്ടയം: സി പി എം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിയാൻ ഡൽഹിയിൽ നിന്ന് വിളിച്ചിരുന്നുവെന്ന് കെ വി തോമസ്. മല്ലികാർജുന ഖാർഗെ അടക്കമുള്ളവരാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. സി പി എം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ ആളല്ലല്ലോ താൻ എന്നുപറഞ്ഞ കെ വി തോമസ് കണ്ണൂരിലേക്ക് എപ്പോൾ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കുകയാണെങ്കിൽ കെ വി തോമസിനെതിരായി എന്ത് അച്ചടക്കനടപടി എടുക്കുമെന്ന കാര്യത്തിൽ കെ പി സി സി നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്. താക്കീത് മുതൽ സസ്പെൻഷൻ വരെയുള്ള നടപടികളാണ് പരിഗണനയിൽ. കെ.വി.തോമസിനെ അവഗണിക്കണമെന്ന നിലപാടും ഒരു വിഭാഗത്തിനുണ്ട്. നടപടിയിൽ ഭിന്നസ്വരം ഒഴിവാക്കാൻ ഉമ്മൻചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി സുധാകരൻ ഇന്ന് ആശയവിനിമയം നടത്തും. അതിനുശേഷമായിരിക്കും തീരുമാനമെടുക്കുക. അച്ചടക്കനടപടിയിൽ കെ പി സി സിക്ക് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. വാർത്താസമ്മേളനം അച്ചടക്ക ലംഘനമായി വിലയിരുത്തുന്നതിനാൽ ഉടൻ തന്നെ നടപടി എടുക്കാമെങ്കിലും തിരക്കിട്ട് ഒന്നും വേണ്ടെന്ന നിലപാടാണ് ഹൈക്കമാൻഡിനുള്ളത്.
കെ വി തോമസ് എ ഐ സി സി അംഗമായതിനാൽ നടപടി എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. സെമിനാറിൽ പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ചതും ദേശീയ നേതൃത്വമാണ്. എ കെ ആന്റണി അദ്ധ്യക്ഷനും താരിഖ് അൻവർ സെക്രട്ടറിയും അംബികാ സോണി അംഗവുമായ അച്ചടക്ക സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്.
പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുളള സെമിനാറിൽ പങ്കെടുക്കുമെന്ന് ഇന്നലെയാണ് കെ വി തോമസ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. സി പി എമ്മിലേക്കല്ല, ദേശീയ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ പോകുന്നതെന്നും, തന്നെ പുറത്താക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിനേ കഴിയൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'താൻ കോൺഗ്രസ് വിടില്ല. സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ ഭീഷണിയിൽ ആശങ്കയില്ല. എ ഐ സി സി അംഗമായ തന്നെ പുറത്താക്കാൻ അവർക്കേ കഴിയൂ. ദേശീയ നേതൃത്വം നിശ്ചയിക്കട്ടെ. ദേശീയ താത്പര്യമുള്ള വിഷയമെന്ന നിലയിലാണ് സെമിനാറിൽ പങ്കെടുക്കാമെന്നറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുന്നതും ദേശീയ പ്രാധാന്യം നൽകുന്നു. ദേശീയ നേതാക്കൾക്കും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനും കുറിപ്പ് നൽകിയിരുന്നു.തിരഞ്ഞെടുപ്പ് കാലത്ത് എം കെ സ്റ്റാലിനും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾക്കുമൊപ്പം രാഹുൽ ഗാന്ധി ചെന്നൈയിലും കോയമ്പത്തൂരിലും റാലികളിൽ പങ്കെടുത്തിട്ടുണ്ട്. താൻ സ്റ്റാലിനൊപ്പം പങ്കെടുക്കുന്നതിൽ എന്താണിത്ര വിരോധമെന്നറിയില്ല. കോൺഗ്രസുകാരുടെ ചോര വീണ മണ്ണാണ് കണ്ണൂരെന്നതൊക്കെ വൈകാരിക പ്രകടനമാണ്. തനിക്കെതിരെ വികാരം ഇളക്കി വിടാനാണ് ചിലർ ശ്രമിക്കുന്നത്. ഒരിടത്തും രാഷ്ട്രീയത്തിന്റെ പേരിൽ ചോര വീഴരുതെന്നാണ് തന്റെ നിലപാട്'- എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.