
തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് യുവാവിനുനേരെ ലഹരിമാഫിയാ സംഘം ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിനുനേരെ ആരോപണം ശക്തം. പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ ഉൾപ്പടെയുള്ളവർ ആരോപിക്കുന്നത്. തുമ്പ സ്വദേശിയായ രാജന്‍ ക്ലീറ്റസിനുനേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ വലതുകാൽ ചിന്നിച്ചിതറി. തുമ്പ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ ലിയോൺ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
രാജന്‍ ക്ലീറ്റസിനുനേരെ ലിയോൺ ജോൺസൺ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ലഹരി വില്പനയെ എതിർത്തതായിരുന്നു ഇതിന് കാരണം. എന്നാൽ പൊലീസ് ഇത് കാര്യമായി എടുത്തില്ല. കഴക്കൂട്ടത്തിന് സമീപം പോത്തൻകോട്ട് നേരത്തേ ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടിയെടുത്ത സംഭവം ഉണ്ടായതോടെ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. അതോടെ അക്രമസംഭവങ്ങൾക്ക് ശമനമുണ്ടായി.
എന്നാൽ പൊലീസ് ഇടപെടൽ നിലച്ചതോടെ ഗുണ്ടകൾ വീണ്ടും സജീവമാകാൻ തുടങ്ങി. അടുത്തിടെ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടന്ന് കഴക്കൂട്ടത്തിന് സമീപം ചന്തവിളയിൽ ഗുണ്ടാനേതാവ് അടിയേറ്റ് മരിച്ചിരുന്നു. പ്രദേശത്ത് ലഹരി, ഗുണ്ടാ സംഘങ്ങൾ സജീവമാണെന്നും പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഒന്നുമുണ്ടായില്ല. അതാണ് ഇന്നലത്തെ ആക്രമണത്തിന് വഴിവച്ചത്. ഇതിനിടെ ഗുണ്ടാസംഘങ്ങളുമായുള്ള പൊലീസ് ബന്ധത്തിന് നിരവധി തെളിവുകളും പുറത്തുവന്നിരുന്നു.
കഴക്കൂട്ടത്തിനടുത്ത് മേനംകുളത്ത് വഴിയരികിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെയായിരുന്നു രാജന്‍ ക്ലീറ്റസിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. ഇയാളെ ഉടൻ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.