
പാലക്കാട്: ബൈക്ക് മോഷ്ടാവെന്ന് ആരാേപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് എന്ന ഇരുപത്തേഴുകാരനാണ് മരിച്ചത്. സംഭവത്തിൽ ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായാണ് സൂചന.
ബാർ ഹോട്ടലിന് സമീപം വച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഒരുസംഘം യുവാക്കൾ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ ഒരാൾ ബൈക്കുമായി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റഫീഖിനെ പിടികൂടുന്നതും മർദ്ദിക്കുന്നതും. വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവർക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.