kv

തിരുവനന്തപുരം: കെ വി തോമസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി അച്ചടക്കം എല്ലാവർക്കും ബാധകമാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസ് തീരുമാനിച്ച വിഷയത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം. സെമിനാറിൽ പങ്കെടുത്താൽ നടപടിക്ക് ശുപാർശ ചെയ്യും. വിഷയം എ ഐ സി സി നേതൃത്വത്തെ അറിയിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞത് സ്വാഭാവിക പ്രതികരണമാണ്. വിഷയത്തിൽ വാർത്താസമ്മേളനം വിളിച്ച് വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ സുധാകരൻ ഇന്നലെ തോമസിനോട് ആവശ്യപ്പെട്ടിരുന്നു. തോമസിനെതിരായ അച്ചടക്ക നടപടിയിൽ കെ പി സി സി തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.തോമസിനെ രൂക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. താൻ വേറെ പാർട്ടിയിലേക്ക് പോകില്ലെന്നും, തന്റെ അന്ത്യം കോൺഗ്രസുകാരനായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ പങ്കെടുക്കുന്നതിന് എന്തിനാണിത്ര വിരോധം? സെമിനാറിൽ പോയി തനിക്ക് പറാനുള്ളത് പറയും. കോൺഗ്രസിൽ അച്ചടക്കത്തോടെ നിന്നയാളാണ് താൻ. നൂലിൽ കെട്ടി വന്നയാളല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.

തന്നെ പുറത്താക്കാനുള്ള അധികാരം എ ഐ സി സിക്കേയുള്ളൂ. അത് പോലും മനസിലാക്കാത്തത് എന്റെ കുഴപ്പമാണോയെന്നും അദ്ദേഹം ചോദിച്ചു. 2018ന് ശേഷം രാഹുൽ ഗാന്ധി മുഖം നൽകിയിട്ടില്ലെന്നും തോമസ് പറഞ്ഞു.രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാർത്താ സമ്മേളനം ആരംഭിച്ചത്.

.