china

ന്യൂഡൽഹി: അതിർത്തിവഴിയുളള കടന്നുകയറ്റം നടക്കാതെ വന്നതോടെ ഇന്ത്യന്‍ പവര്‍ സ്റ്റേഷനുകളെ സൈബർ ആക്രമണത്തിലൂടെ തകർക്കാൻ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ. അമേരിക്കൻ ആസ്ഥാനമായുള്ള സ്വകാര്യ ഇന്റലിജന്‍സ് സ്ഥാപനമായ റെക്കോര്‍ഡ‌ഡ് ഫ്യൂച്ചറിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുള്ളത്.

ലഡാക്കിലേതുൾപ്പടെ ഏഴ് ഇന്ത്യന്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററുകളില്‍ റെഡ് എക്കോ എന്ന ഹാക്കര്‍മാര്‍ നുഴഞ്ഞുകയറ്റം നടത്തുവാന്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രിഡ് നിയന്ത്രണത്തിന്റെയും വൈദ്യുത വിതരണത്തിന്റെയും തത്സമയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയാണ് ഡെസ്പാച്ച് സെന്ററുകളുടെ ദൗത്യം. ഇവയിൽ ആക്രമണം നടത്തിയാൽ വൈദ്യുത വിതരണം ആകെ താളംതെറ്റും. ഒപ്പം അപകടങ്ങൾക്കും വഴിവയ്ക്കും. ഇതാണ് ഹാക്കർമാരുടെ ലക്ഷ്യവും. ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ എല്ലാ ആശീർവാദത്തോടെയുമാണ് ഹാക്കർമാർ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചൈനയുമായി ബന്ധമുള്ള ചെറു ഹാക്കർ സംഘങ്ങൾ ഇന്ത്യയുടെ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നേരത്തേയും ഇന്ത്യയ്ക്കുനേരെ ചൈനയുടെ സൈബർ ആക്രമണമുണ്ടായിട്ടുണ്ട്.2019ൽ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലെ സർക്കാർ സംഘടനങ്ങളുടെ നെറ്റ്‌വർക്കുകൾ ആക്രമിച്ച് രഹസ്യവിവരങ്ങൾ മോഷ്ടിച്ചെന്ന് ലണ്ടൻ ആസ്ഥാനമായ ആഗോള സുരക്ഷാ പരിഹാര ദാതാക്കളായ പോസിറ്റീവ് ടെക്നോളജീസിലെ വിദഗ്ദ്ധർ വ്യക്തമാക്കിയിരുന്നു. റിമോട്ട് കോഡ് എക്സിക്യൂഷൻ വൾനറബിലിറ്റി ഉപയോഗപ്പെടുത്തിയോ മോഷ്ടിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ചോ ആയിരിക്കും ഹാക്കർമാർ വിവരങ്ങൾ ചോർത്തിയതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇന്ത്യയുടെ കൊവിഡ് വാക്സിൻ ഫോർമുല തട്ടിയെടുക്കാൻ ഹാക്കർമാർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യാേഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.