
നാഗർകോവിൽ: പരാതിക്കാരന്റെ കൈയിൽ നിന്ന് അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ കന്യാകുമാരി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൂലൂർ സ്വദേശിയും കന്യാകുമാരി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ തങ്കവേലുവിനെയാണ് (55) കന്യാകുമാരി വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
സംഭവമിങ്ങനെ: നാഗർകോവിൽ കോർട്ട് റോഡിൽ ടെക്സ്റ്റൈൽസ് ഷോപ്പ് നടത്തുന്ന നാഗർകോവിൽ രാമൻപുത്തൂർ സ്വദേശിയായ ശിവഗുരു കുറ്റാലം (66) 2017ൽ ഷോപ്പിനടുത്തുള്ള സ്ഥലം രാമദാസ്, രത്നസ്വാമി എന്നിവരുടെ പക്കൽ നിന്ന് ലീസിനെടുത്തിരുന്നു. 1.50 കോടി രൂപയാണ് കരാർ തുക. ഈ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചപ്പോൾ അന്നത്തെ നാഗർകോവിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ഇതോടെ സ്ഥലത്തിന്റെ ഉടമസ്ഥരോട് പണമോ അല്ലെങ്കിൽ മറ്റൊരു സ്ഥലമോ തരണമെന്ന് ശിവഗുരു ആവശ്യപ്പെട്ടു. എന്നാൽ ഉടമകൾ ഇത് അംഗീകരിക്കാതായതോടെ ശിവഗുരു ജില്ലാ പൊലീസ് മേധാവിയായിരുന്ന ബദ്രി നാരായണന് 2020ൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അതിൽ തൃപ്തിയില്ലെന്ന് കാട്ടി എസ്.പിക്ക് പരാതി നൽകി. തുടർന്ന് എസ്.പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തങ്കവേലുവിനോട് കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ 10 ലക്ഷം രൂപയാണ് തങ്കവേലു ആവശ്യപ്പെട്ടത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥലമുടമകൾ മറ്റൊരു സ്ഥലം ശിവഗുരുവിന് നൽകി. തന്റെ ഇടപെടൽ കൊണ്ടാണ് സ്ഥലം ലഭിച്ചതെന്നും അതിന് പ്രതിഫലമായിഅഞ്ചുലക്ഷം രൂപ തരണമെന്നും തങ്കവേലു, ശിവഗുരുവിനെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന് ശിവഗുരു പരാതി നൽകി. അടുത്ത ദിവസം വൈകിട്ട് തങ്കവേലുവിന് ഓഫീസിലെത്തി കാശ് നൽകാൻ നിർദ്ദേശിച്ച വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സമയത്ത് തങ്കവേലുവിനെ പിടികൂടുകയായിരുന്നു. ഇയാൾ താമസിക്കുന്ന രാമൻപുരത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഡിസ്ട്രിക് ജുഡിഷ്യൽ കോടതിയിൽ ഹാജരാക്കിയ തങ്കവേലുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.