imran

കറാച്ചി: ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അനുമതി നൽകാത്ത ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ നടപടി തെറ്റാണെന്ന് പാകിസ്ഥാൻ ചീഫ് ജസ്റ്റിസ്. നടപടി ഭരണഘടനയുടെ 95ാ മത്തെ ആർട്ടിക്കിളിന്റെ ലംഘനമാണെന്നും ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ നിരീക്ഷിച്ചു. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം കേൾക്കെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. പ്രശ്നത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. പ്രതിപക്ഷം ഹർജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ വാദം കേട്ടശേഷം വിധിപറയാം എന്നാണ് കോടതി പറഞ്ഞത്.

ഈ മാസം ആദ്യമാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളുകയും തിരഞ്ഞെടുപ്പ് നേരത്തേ നടത്താനായി ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിടുകയും ചെയ്തത്. ഇമ്രാൻ ഖാനെ ചുഴറ്റി എറിയുമെന്ന് കരുതിയ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സുർ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് തള്ളുകയായിരുന്നു. പിന്നാലെ ഇമ്രാൻ ഖാന്റെ ഉപദേശ പ്രകാരം പാക് പ്രസിഡന്റ് ഡോ. ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചു വിടുകയായിരുന്നു.

തന്നെ പുറത്താക്കാൻ ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ഞെട്ടിച്ചാണ് ഇമ്രാൻ അവിശ്വാസ പ്രമേയത്തിന്റെ കഥ കഴിക്കാനും ദേശീയ അസംബ്ലി പിരിച്ചുവിടാനും കരുക്കൾ നീക്കിയത്. അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക് പരിഗണിക്കുകപോലും ചെയ്യാതെ ഡെപ്യൂട്ടി സ്പീക്കർ തള്ളുകയായിരുന്നു. ഇതോടെ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്താവുകയോ,​ അതിനു മുമ്പ് രാജിവയ്‌ക്കുകയോ ചെയ്യുന്നതിന്റെ നാണക്കേട് ഒഴിവാക്കാമെന്നും പാർലമെന്റ് പിരിച്ചുവിട്ട് തന്റെ കെയർടേക്കർ ഭരണത്തിൽ തിരഞ്ഞെടുപ്പ് നടത്താമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇമ്രാൻ കരുക്കൾ നീക്കിയത്. കാലാവധിക്കുമുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.