vasthu

കടമില്ലാതെ കഴിഞ്ഞുപോകാൻ പലതും ചെയ്തു നോക്കി. പക്ഷേ, ഒന്നും വിജയിച്ചില്ല.കടം വാങ്ങി മുടിഞ്ഞു...ഇത്തരം പരാതി ജീവിതത്തിൽ ഒരിക്കലെങ്കിലും പറയാത്തവർ ചുരുക്കമായിരിക്കും. ഇത്തരക്കാർ സ്വന്തം വീടിന്റെ അകവശം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും ചില ശില്പങ്ങളുടെ സ്ഥാനം. വീട്ടിനുള്ളിലും ഓഫീസിലും നിറഞ്ഞിരിക്കുന്ന നെഗറ്റീവ് എനർജിയാണ് കടവും കഷ്ടപ്പാടും കൂടാൻ കാരണം. ശില്പങ്ങൾ ശരിയായ രീതിയിൽ സ്ഥാപിച്ചാൽ ഈ നെഗറ്റീവ് എനർജി എന്നെന്നേക്കുമായി ഒഴിഞ്ഞുപോവുകയും ഐശ്വര്യവും സമ്പത്തും കളിയാടുകയും ചെയ്യും എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

വീട്ടിനുള്ളിൽ സ്ഥാനംനോക്കിമാത്രം വയ്‌ക്കേണ്ട ഒരു വിഗ്രഹമാണ് കാമധേനുവിന്റേത്. പണ്ടുമുതലേ കാമധേനുവിഗ്രഹം വീടുകൾക്കുള്ളിൽ സ്ഥാപിക്കാറുണ്ട്. ലക്ഷ്മി, സരസ്വതി, ദുർഗ എന്നീ ദേവതകളുടെ ശക്തി കാമധേനുവിൽ സമ്മേളിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ വിഗ്രഹം വളരെ ശ്രദ്ധിച്ച് സ്ഥാപിക്കേണ്ടതും.ഐശ്വര്യത്തിലും ആഗ്രഹ സാഫല്യത്തിനുമാണ് ഇത് ജോലിസ്ഥലത്തും വീട്ടിനുള്ളിലും സ്ഥാപിക്കുന്നത്. ശാരീരിക-മാനസിക-സാമ്പത്തിക പ്രശ്നങ്ങൾക്കും കാമധേനുവിഗ്രഹം പരിഹാരം നൽകുമെന്നാണ് വിശ്വാസം.

വീട്ടിലായാലും ഓഫീസിലായാലും വടക്ക് കിഴക്ക് ദിശയായ ഈശാന കോണിലാണ് കാമധേനുവിഗ്രഹം സ്ഥാപിക്കാൻ ഏറ്റവും മികച്ചത്. എന്നാൽ ഈ ദിക്കിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വടക്ക് ദിക്കിലോ കിഴക്ക് ദിക്കിലോ സ്ഥാപിക്കാം. വീട്ടിലാണെങ്കിൽ വിഗ്രഹത്തിന് പൂജാമുറിയിൽ തന്നെ സ്ഥാനം നൽകാം. പൂജാമുറി ഇല്ലെങ്കിൽ വീടിന്റെ പ്രവേശന കവാടത്തിലും സ്ഥാപിക്കാം. ഏതുവസ്തുവിൽ തീർത്ത വിഗ്രഹവും സ്ഥാപിക്കാവുന്നതാണ്. അതിൽ ഒരു കുഴപ്പവും ഇല്ലെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.