
ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ പഴയകടൽപാലത്തിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്ന് നാലു പേർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച്ച രാത്രി 9.40നായിരുന്നു അപകടം. കടൽപ്പാലത്തിന് സമാന്തരമായി പൈപ്പുകൊണ്ട് നിർമ്മിച്ച തട്ട് തിരയിൽപ്പെട്ട് തകരുകയായിരുന്നു. കാമറാമാനുൾപ്പടെ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് കരയിലേക്ക് നീങ്ങാനാവാതെ, പാലത്തിലെ കമ്പിയിലും മറ്റും തൂങ്ങിക്കിടന്ന ഒറ്റപ്പാലം സ്വദേശി അഭിഷേക്, വയനാട് സ്വദേശി ബബുൽ, ആലപ്പുഴക്കാരായ ബേബി, വിജേഷ് എന്നിവരെ കോസ്റ്റൽ വാർഡന്മാരും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷിച്ചത്. തിരയുടെ ശക്തി മൂലം തിരികെ കരയിലേക്ക് പോകാനാവാതെ കാമറയും മറ്റുപകരണങ്ങളുമായി കുടുങ്ങുകയായിരുന്നു സംഘം.
പകൽ സമയത്ത് കപ്പലിനോട് ചേർന്ന് ഷൂട്ടിംഗ് നടത്തിയ സംഘം രാത്രിയോടെയാണ് കടൽപ്പാലത്തിന് സമീപം സെറ്റിട്ടത്. പകൽ സമയത്ത് ഷൂട്ടിംഗ് ശ്രദ്ധയിൽപ്പെട്ട ടൂറിസം സ്റ്റേഷൻ എസ്.ഐ സംഘത്തിനോട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ, തുറമുഖ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതായാണ് അറിയിച്ചത്. എന്നാൽ പ്രദേശത്ത് ഷൂട്ടിംഗ് നടക്കുന്ന വിവരം അധികൃതർ ടൂറിസം സ്റ്റേഷനിലോ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ അറിയിച്ചിരുന്നില്ല. രാത്രിയിൽ വെളിച്ചമില്ലാതിരുന്നത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. പല സിനിമാ സംഘങ്ങളും ദ്രവിച്ച പഴയകടൽപ്പാലത്തിൽ താത്കാലികമായി തട്ടുണ്ടാക്കിയാണ് കടപ്പുറ രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. പൊന്തുവള്ളം, ലൈഫ് ബോയ എന്നിവ ഉപയോഗിച്ചാണ് അപകടത്തിൽപെട്ടവരെ കരയ്ക്കെത്തിച്ചത്. ആന്റണി വർഗീസ് (പെപ്പ) നായകനായ 'ലൈല' എന്ന സിനിമയുടെ ചിത്രീകരണം ഒരാഴ്ച്ചയായി ആലപ്പുഴ ബീച്ചിലും പരിസരപ്രദേശങ്ങളിലും നടക്കുകയാണ്. സൗത്ത് സി.ഐ എസ്.അരുൺ, ടൂറിസം പൊലീസ് എസ്.ഐ പി.ജയറാം, പൊലീസുകാരായ ബിജു വിൻസെൻറ്, കോസ്റ്റൽ വാർഡൻമാരായ രഞ്ജിത്ത്, റോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഇത്തരത്തിൽ ഷൂട്ടിംഗ് നടത്തുമ്പോൾ നിർബന്ധമായും ടൂറിസം സ്റ്റേഷനിലോ പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിലോ അറിയിക്കണം. അല്ലാത്തപക്ഷം രക്ഷാപ്രവർത്തനത്തെ പോലും ബാധിച്ചേക്കാം. പൊതുവേ തിര കൂടുതൽ ശക്തമായ പ്രദേശമാണ് കടൽപ്പാലത്തോട് ചേർന്നുള്ളത്
പി.ജയറാം, ടൂറിസം എസ്.ഐ