
ബീജിംഗ്: കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നത് ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കി. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും വാണിജ്യ കേന്ദ്രവുമായ ഷാങ്ഹായിലടക്കം ലോക്ക്‌ഡൗൺ നീട്ടിയിരിക്കുകയാണ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകൾ അനുദിനം കൂടിവരുന്ന സാഹചര്യത്തിലാണ് വീണ്ടും അടച്ചുപൂട്ടൽ നീട്ടാൻ തീരുമാനിച്ചത്. നേരത്തേ ലോക്ക്‌ഡൗൺ ഏർപ്പെടുത്താത്ത ചില പ്രദേശങ്ങളിൽ കൂടി അടച്ചുപൂട്ടൽ നടപ്പാക്കിയെന്നും റിപ്പോർട്ടുണ്ട്. കൊവിഡിന്റെ നാലാം തരംഗമാണോ ഇതെന്ന് സംശയമുണ്ട്.
ഷാങ്‌ഹായിലെ സാമ്പത്തിക ജില്ലയായി അറിയപ്പെടുന്ന പുഡോംഗും അനുബന്ധ പ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.കൊവിഡിന്റെ തുടക്കത്തിൽ ഉള്ളതിനെക്കാൾ ശക്തമായ നിയന്ത്രണങ്ങളാണ് പലയിടത്തും ഏർപ്പെടുത്തിയിരിക്കുന്നത്. ചപ്പുചവറുകൾ കളയാനോ, നായ്ക്കളെ നടത്താനോ പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി കുറയുന്നതുവരെ ഇപ്പോഴത്തെ നില തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊതുഗതാഗതം പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ വീടുകൾക്ക് മുന്നിൽ അവശ്യ സാധനങ്ങൾ എത്തിച്ചുനൽകും. ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിലെ ജനങ്ങളോട‌് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കുവേണ്ടി മാത്രമാണ് വീടുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളത്. പരിശോധനാ സ്ഥലത്ത് സാമൂഹ്യ അകലം ഉൾപ്പടെയുള്ളവ കർശനമായി പാലിക്കുകയും വേണം.
അടച്ചുപൂട്ടൽ നീണ്ടുപോകുന്നത് ചൈനയുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് ഫലവത്തായി തടയണമെങ്കിൽ അടച്ചുപൂട്ടൽ അല്ലാതെ മറ്റൊരുവഴിയും ഇല്ലെന്ന നിലപാടിലാണ് അധികൃതർ. ഈ നിലപാട് ചൈനീസ് വാക്സിനുകളുടെ ഫലപ്രാപ്തിയിലും സംശയം ഉയർത്തുന്നുണ്ട്. 87 ശതമാനമാണ് ചൈനയുടെ വാക്സിനേഷൻ നിരക്ക്. 60നും 69നും ഇടയിൽ പ്രായമുള്ള 56.4 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസും നൽകിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവർക്കുതന്നെ വീണ്ടും വീണ്ടും രോഗം റിപ്പോർട്ടുചെയ്യുന്നതാണ് ഫലപ്രാപ്തിയിൽ സംശമുയർത്തുന്നത്. രോഗം തടയുന്നില്ലെന്ന് വ്യക്തമായതിനാൽ പലരാജ്യങ്ങളും ചൈനയുടെ വാക്സിൻ വാങ്ങാൻ കൂട്ടാക്കുന്നില്ലെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു.