sri-lanka

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊളംബോയുടെ വിവിധ മേഖലകളിൽ കഴിഞ്ഞദിസമുണ്ടായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തി കർഫ്യൂ പിൻവലിച്ചു. സംഘർഷങ്ങൾക്ക് അയവുവന്നു എന്ന് കണ്ടതോടെയാണ് കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ വസതിക്കുമുന്നിലടക്കം വൻ സംഘർഷം ഉണ്ടായതിനാൽ സൈന്യം കടുത്ത ജാഗ്രതയിലാണ്. ആയിരത്തോളം പേരാണ് രാത്രി പ്രസിഡന്റിന്റെ വീടുവളഞ്ഞത്. രംഗം ശാന്തമാക്കാൻ പൊലീസും പ്രത്യേക ദൗത്യ സേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വലയുന്നതിനിടെ 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് ജനം തെരുവിലിറങ്ങിയത്. ഡീസൽക്ഷാമം കടുത്തതോടെയാണ് പവർക്കട്ട് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. മണ്ണെണ്ണ, പാചക വാതകം, മരുന്ന് എന്നിവയ്ക്കും കടുത്ത ക്ഷാമം അനുവപ്പെടുന്നുണ്ട്. ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്. നിത്യച്ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോൾ ശ്രീലങ്കയുടെ പ്രതീക്ഷ. എങ്ങനെയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ശ്രീലങ്ക ഐ എം എഫിൽ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.