houdi

റിയാദ്: യെമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ സൗദി അറേബ്യ പുറത്തുവിട്ടു. ചിരഞ്ജീവ് കുമാർ സിംഗ്, മനോജ് സബർബാൾ എന്നീ രണ്ട് ഇന്ത്യക്കാരാണ് വിമതർക്ക് സഹായം നൽകുന്നതെന്നാണ് സൗദി വ്യക്തമാക്കുന്നത്. ഇതിനൊപ്പം ഹൂതികൾക്ക് സഹായം നൽകുന്ന വിവിധ രാജ്യക്കാരായ മറ്റ് എട്ടുപേരുടെയും 15 കമ്പനികളുടേയും വിവരങ്ങളും സൗദി പുറത്തുവിട്ടിട്ടുണ്ട്. യെമൻ, സിറിയ, ബ്രിട്ടൻ, സൊമാലില തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഇവരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. സ്വത്തുക്കൾ മരവിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

സൗദിക്കെതിരെ ആക്രമണം ശക്തമാക്കിയിരുന്ന ഹൂതികൾ കഴിഞ്ഞയാഴ്ച താൽക്കാലിക വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു. ഡ്രോൺ ആക്രമണങ്ങൾ കുറച്ചുദിവസത്തേക്ക് നിർത്തിവയ്ക്കുന്നു എന്നായിരുന്നു വിമതരുടെ പ്രഖ്യാപനം. ഹൂതി വിമതരുടെ അധീനതയിലുള്ള വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ സൗദി കടുത്ത വ്യോമാക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു അനുരഞ്ജന നീക്കം.

സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്‌ക്ക് നേരെ വിമതർ ആക്രമണം നടത്തിയതോടെയാണ് സൗദി ശക്തമായി തിരിച്ചടി തുടങ്ങിയത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്‌ക്ക് വൻ തീപ്പിടത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്.ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.