
പെരിയാറൊഴുകുന്ന ഒരു ഗ്രാമത്തിലാണ് രാമകൃഷ്ണൻ ജനിച്ചത്. വേദമന്ത്രങ്ങൾക്കൊപ്പം മാർക്സിയൻ സിദ്ധാന്തങ്ങളും അച്ഛൻ ചൊല്ലുന്നത് കേട്ടാണ് വളർന്നത്. പുരാണങ്ങളും ഉപനിഷത്തുകളും സകല മതഗ്രന്ഥങ്ങളും വീട്ടിലുണ്ട്. അവ ആത്മീയതയിൽ തളച്ചിടുമോ എന്ന ശങ്കകാരണം ഒന്നും തുറന്നു നോക്കാറില്ല. വിപ്ലവാശയങ്ങൾ ചുണ്ടിലും മനസിലും കണ്ണുകളിലും തിളങ്ങി നിൽക്കുന്ന കാലം. കുമാരനാശാന്റെ ദുരവസ്ഥ ഇടക്കിടെ വായിക്കും. പെരുമയും മഹിമയും സമ്പത്തുമുള്ള കുടുംബം. അവിടെ നിന്നുവന്ന യുവാവിനെ അനുയായികൾ വീറോടെ സ്വാഗതം ചെയ്തു. വാക്കുകളിൽ വിപ്ലവത്തീപ്പൊരി ചിതറിയപ്പോൾ കേട്ടിരുന്നവർ ആവേശത്തോടെ കൈയടിച്ചു. പ്രസംഗവും പ്രവർത്തനവും പുറമേ മതി. ഒന്നിനും ഉള്ളുകൊടുക്കരുതേ എന്ന് കുടുംബാംഗങ്ങൾ ഓർമ്മപ്പെടുത്തുമായിരുന്നു. പക്ഷേ മനസ് സമ്മതിച്ചില്ല. ഇഷ്ടപ്പെട്ടതും സ്വന്തമാക്കിയതും അവശവിഭാഗത്തിൽപ്പെട്ട ഒരു വിദ്യാസമ്പന്നയെ. കുടുംബത്തിൽ കൊടുങ്കാറ്റ്. സുഹൃത്തുക്കൾ തള്ളിപ്പറഞ്ഞു. സഖാവ് രാമകൃഷ്ണനെ ചിലർ വാഴ്ത്തി. ചിലർ താഴ്ത്താൻ ശ്രമിച്ചു. ഇത്രയും വിപ്ലവമൊന്നും ജീവിതത്തിൽ വേണ്ടായിരുന്നു എന്ന അച്ഛന്റെ വാക്കുകളാണ് രാമകൃഷ്ണനെ ഏറെ നോവിച്ചത്. വിപ്ലവം വരണമെന്നൊക്കെ പറയാനും ആഗ്രഹിക്കാനും എളുപ്പമാണ്. അത് കർമ്മപഥത്തിലെത്താൻ എത്ര ശ്രമകരം.
വിവാഹശേഷം ഒരുനാൾ ചെറിയ വാടകവീട്ടിൽ പൊടിയടിച്ചിരുന്ന ഒരു പുസ്തകക്കെട്ട് രാമകൃഷ്ണൻ തപ്പിയെടുത്തു. പി.ജിക്ക് പഠിക്കുമ്പോൾ പ്രസംഗമത്സരത്തിനു കിട്ടിയ സമ്മാനം. ബാലൻ സാറാണ് സമ്മാനിച്ചത്. ഭഗവത്ഗീതയും ഖുറാനും ബൈബിളുമായിരുന്നു സമ്മാനപ്പൊതിയിൽ. എനിക്കീ മതഗ്രന്ഥങ്ങളോട് വലിയ താല്പര്യമില്ലെന്ന് മുഖത്തടിച്ചപോലെ രാമകൃഷ്ണൻ പറഞ്ഞപ്പോൾ ''ആവശ്യം വരുമ്പോൾ മാത്രം എടുത്തുവായിക്കുക. ഒരു പവൻ സ്വർണമിരുന്നാൽ എപ്പോഴെങ്കിലും ഉപയോഗപ്പെടും. വിൽക്കാം. പണയം വയ്ക്കാം. മോതിരമുണ്ടാക്കാം."" ബാലൻസാർ പുഞ്ചിരിയോടെ ഓർമ്മിപ്പിച്ചു. കൂടെ നിൽക്കുമെന്ന് കരുതിയവരൊക്കെ അവഗണിച്ചപ്പോഴും വിവാഹം കഴിഞ്ഞ സമയത്ത് ആശംസകൾ നേരാൻ ബാലൻസാർ ഭാര്യയ്ക്കൊപ്പമാണ് വന്നത്. ''ഇനി ജീവിതപാരായണത്തിനുള്ള അതിവിശിഷ്ട ഗ്രന്ഥമാണ് സഹധർമ്മിണി. പരസ്പരമറിഞ്ഞ് അർത്ഥം ഗ്രഹിച്ച് വായിക്കുക."" സാറിന്റെ ഓർമപ്പെടുത്തൽ. ഒരു ചെറിയ മെഡിക്കൽ സ്റ്റോറിൽ നിന്ന് വലിയൊരു മരുന്നുകമ്പനിയുടെ സാരഥിയായി മാറിയിരിക്കുന്നു ഇപ്പോൾ രാമകൃഷ്ണൻ. പഴയസഖാവല്ലേ എന്ന് ചിലർ തിരിച്ചറിയും.ആൾ വലിയ ബൂർഷ്വയായി. കുത്തക മുതലാളിയായി എന്നൊക്കെ ചില ആദർശവാദികൾ കളിയാക്കും.
പുരാണഗ്രന്ഥങ്ങൾ പതിവായി വായിക്കാൻ തുടങ്ങിയതോടെ രാമകൃഷ്ണന്റെ മനസും ചിന്തകളും വികസ്വരമായി. ഇടതുപക്ഷ ചിന്താഗതികളും അതിനു ബലമേകി. കിട്ടുന്നവരുമാനത്തിൽ നല്ലൊരു പങ്ക് ക്ഷേത്രപ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കുമായി നൽകും. കമ്പനി മീറ്റിംഗുകളിൽ വായനയുടെ പിൻബലത്തിൽ രാമകൃഷ്ണൻ സരസമായി സംസാരിക്കും. ബൈബിളും ഗീതയും ഖുറാനും ഉദ്ധരിക്കും. അവ സമ്മാനിച്ച ബാലൻ സാറിനെ പരാമർശിക്കും. പഴയ സഖാവിന്റെ മനക്കരുത്ത്. മുനിയുടെ ജ്ഞാനവും നിരീക്ഷണവും കേൾവിക്കാർ പ്രശംസകൾ കൊണ്ട് മൂടും. അവരെ നോക്കി രാമകൃഷ്ണൻ പറയാറുണ്ട് അറിവ് കനൽപോലെയാണ്. അതിൽ കുന്തിരക്കവും സുഗന്ധദ്രവ്യങ്ങളും ഇട്ടാൽ സുഗന്ധം. അതിൽ സ്വർണമുരുക്കാം. അജ്ഞതയുടെ ചപ്പുചവറുകൾ കത്തിക്കാം. മാർക്സും ഏംഗൽസും മാക്സിംഗോക്കിയും  സഖാക്കളാണ്. ലോകക്ഷേമം ലക്ഷ്യമാക്കിയവർ.അതുപോലെ ശ്രീകൃഷ്ണനും ക്രിസ്തുവും നമുക്ക് ഹൃദയസഖാക്കളാകണം. രാമകൃഷ്ണൻ ആവേശത്തോടെ മുഷ്ടി ചുരുട്ടും. പുതിയ ഇടതുപക്ഷ വ്യാഖ്യാനത്തെ പലരും പ്രശംസിച്ചു. എല്ലാ വേദാന്തങ്ങളും സിദ്ധാന്തങ്ങളും കാലത്തിനനുസരിച്ച് പൊടി തുടച്ചുവൃത്തിയാക്കണമെന്ന പക്ഷക്കാരനാണ് രാമകൃഷ്ണൻ.
(ഫോൺ: 9946108220)