
''കച്ച് കണ്ടില്ലെങ്കിൽ ഒന്നും കണ്ടിട്ടില്ല"" ! എന്ന അമിതാബ് ബച്ചന്റെ ഹിന്ദിയിലുള്ള പരസ്യവാചകം കേട്ടാണ് അഹമ്മദാബാദിൽ വിമാനമിറങ്ങിയത്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ജില്ലയും, ഗുജറാത്തിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ജില്ലയും മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികൂടിയായ റൺ ഓഫ് കച്ചിനെ കുറിച്ചാണ് അമിതാബ് ജി പറയുന്നത്. നവംബർ മുതൽ നാലു മാസത്തേക്ക് 'കച്ച് ഫെസ്റ്റിവൽ" എന്ന പേരിൽ കലാ മാമാങ്കം ഉണ്ടാകാറുണ്ട് ഇവിടെ. ഉത്സവപ്പൊലിമ ആസ്വദിക്കുന്നതിലേറെ താത്പര്യത്തോടെയാണ് കച്ചിലെ കലാഗ്രാമങ്ങൾ അടുത്തറിയാൻ തുടങ്ങിയത്. ഗ്രാമങ്ങളിലെ സ്ത്രീകളെല്ലാം തന്നെ കരകൗശല വിദഗ്ദരായിരുന്നു. പ്രത്യേകിച്ചും ചിത്രത്തുന്നൽ.
മൺപാത്രങ്ങൾ നിർമിക്കുന്ന സാറാ ബെൻ താമസിക്കുന്ന ഖാവ്ട ഗ്രാമത്തിലേക്ക് പ്രവേശിച്ചാണ് കച്ച് ഗ്രാമക്കാഴ്ചകൾക്ക് തുടക്കമിട്ടത്. സിന്ധു നദീതട സംസ്കാര കാലഘട്ടത്തിൽ നിലനിന്നിരുന്ന മൺപാത്ര നിർമ്മാണത്തിലെ കലാവൈഭവമാണ് ഇവർ പിന്തുടരുന്നത്. കുടുംബത്തിലെ പുരുഷൻമാർ പാത്രങ്ങൾ നിർമിക്കുകയും സ്ത്രീകൾ അതിൻമേൽ പല വർണ്ണങ്ങളിൽ ഡിസൈൻ കൊടുക്കുകയും ചെയ്യും. പ്രകൃതിദത്തമായ കല്ലുകൾ ഉരച്ചാണ് അവർ വ്യത്യസ്ത നിറങ്ങൾ തയ്യാറാക്കിയിരുന്നത്. ഞങ്ങൾ ചെന്നപ്പോൾ സാറാ ബെൻ തറ ചാണകം മെഴുകുന്ന തിരക്കിലായിരുന്നു. ശരിക്കും ഗ്രാമീണമായ കാഴ്ച. അവിടെ കണ്ട, വളരെ സൂക്ഷ്മമായ ഡിസൈനുകളോട് കൂടിയ കളിമൺ പ്ലേറ്റും ഗ്ലാസും ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു. പാത്രനിർമാണത്തെ കുറിച്ച് വാചാലനാവുകയും നിർമാണ രീതി കാണിച്ചു തരുകയും ചെയ്ത സാറാ ബെൻ അഭിമാനപൂർവം പറഞ്ഞു.
''കളിമൺപാത്ര നിർമാണവുമായി ബന്ധപ്പെട്ട് നാൽപ്പതു കൊല്ലം മുമ്പ് ഇന്ദിരാഗാന്ധിയുടെ വസതിയിൽ മൂന്നു മാസത്തോളം ഞാൻ താമസിച്ചിട്ടുണ്ട് "" എന്ന്.

തുടർന്നുള്ള യാത്ര ഹോഡ്ക ഗ്രാമത്തിലെ വാർഷിക 'കാലി മേള" കാണാനായിരുന്നു. വലിയ മൈതാനത്തിലെ താത്കാലിക ഷെഡുകളിലായിരുന്നു കാലികളെ കെട്ടിയിരുന്നത്. ഏറ്റവും സൗന്ദര്യമുള്ള കാലികൾ, മികച്ച കൊമ്പുള്ളതും, കൂടുതൽ പാൽ ചുരത്തുന്നതുമായ കാലികൾ തുടങ്ങി പല മത്സരങ്ങൾ രണ്ടുദിവസത്തെ മേളയിൽ നടന്നിരുന്നു. വിവിധ നിറങ്ങളിലുള്ള മുത്തുകൾ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളാൽ അലങ്കരിച്ചിരുന്ന കന്നുകാലികൾ. വലിയ കൊമ്പുള്ളവയുടേയും മൈലാഞ്ചി തേച്ച് ചുവപ്പിച്ച രോമങ്ങളുള്ള ന്യൂജൻ എരുമയുടെ ഒപ്പവും പടമെടുക്കാൻ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഈ ദിവസങ്ങളിൽ മറ്റു കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. ഞങ്ങൾ കൗതുകത്തോടെയും അൽപ്പം ഭയത്തോടെയുമാണ് കുതിരയോട്ട മത്സരം കണ്ടത്. ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഇത്തരം മേളകൾ കാണാൻ അനുവാദമില്ലാത്തതിനാൽ ആരും തന്നെ കാഴ്ചക്കാരായി ഇല്ലായിരുന്നു. കച്ചവട കൗതുക കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിലാണ് ചെമ്പു മണികൾ വിൽക്കുന്ന അലി കാക്കയെ പരിചയപ്പെട്ടത്.
തുടർന്നുള്ള യാത്രയ്ക്കിടെയാണ് ധാരാളം ചിത്രത്തുന്നൽ ചെയ്ത, ചെറിയ കണ്ണാടികൾ കൊണ്ട് അലങ്കരിച്ച മനോഹരമായ പാവാടയും ബ്ലൗസുമിട്ട കുസൃതി കാണിക്കുന്ന പത്തുവയസുകാരി ശ്രദ്ധയിൽ പെട്ടത്. മേൽ കയ്യിൽ വെള്ള വളകളും താഴെ നിറമുള്ള കുപ്പിവളകളും ചെവിയിൽ അഞ്ചോളം കമ്മലും മൂക്കുത്തിയുമായി അവളെ കാണാൻ നല്ല ഭംഗിയായിരുന്നു. അച്ഛനോടൊപ്പമുള്ള അവളോട് കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ കൂട്ടായി. ദീദി വീട്ടിൽ വന്നാൽ ഞാനുണ്ടാക്കിയ മുത്തിന്റെ ആഭരണങ്ങൾ കാണിക്കാമെന്ന് അവൾ പറഞ്ഞപ്പോൾ സന്തോഷം തോന്നി. പിറ്റേന്ന് രാവിലെ അവളുടെ വീട്ടിൽ പോയി. എട്ടോളം വീടുകൾ അടങ്ങിയ ഒരു കോളനി പോലെയുള്ള വാസസ്ഥലം. വീട്ടിലാണെങ്കിലും നല്ല വർണാഭമായ വസ്ത്രങ്ങളായിരുന്നു സ്ത്രീകൾ ധരിച്ചിരുന്നത്. പെൺകുട്ടികൾ നിർമ്മിച്ച മുത്തുകൊണ്ടുള്ള വസ്തുക്കൾ എല്ലാ വീടുകളിലുമുണ്ട്. പെൺകുട്ടികൾ അഞ്ചാം ക്ലാസിൽ പഠനം നിറുത്തി കരകൗശല നിർമാണത്തിൽ ഏർപ്പെടുന്നതാണ് പതിവ്.

പിന്നീട് തലേ ദിവസം പരിചയപ്പെട്ട അലികാക്കയെ അന്വേഷിച്ച് സൂറ ഗ്രാമത്തിൽ പോയി. കിലോമീറ്ററോളം വരണ്ട പ്രദേശത്തു കൂടിയായിരുന്നു യാത്ര. റോഡിലൂടെ കന്നുകാലികളെ മേയ്ച്ചു നടക്കുന്നവരെ കാണാം. അലികാക്ക ഞങ്ങളെ സ്വാഗതം ചെയ്ത് നേരെ മണിയുണ്ടാക്കുന്ന പുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇരുമ്പിന്റെ ഷീറ്റ് വളച്ചായിരുന്നു മണിയുടെ അടിസ്ഥാന രൂപം ഉണ്ടാക്കിയിരുന്നത്. അത് കുഴമ്പു പരുവത്തിൽ കലക്കി വച്ച കളിമണ്ണിൽ മുക്കി, വെങ്കലം, ചെമ്പ്, സിങ്ക്, ബോറാക്സ് തുടങ്ങിയ പൊടികളുടെ മിശ്രിതത്തിൽ മുക്കും. പൊടിപറ്റിയ മണിയുടെ പുറത്ത് കളിമണ്ണ് കുഴച്ചു തേച്ച ശേഷം കനലിൽ ചുട്ടെടുക്കും. അത് ചുവപ്പ് നിറമാകുമ്പോൾ പുറത്തെടുത്ത് ചൂടാറിയ ശേഷം, കളിമണ്ണ് പൊളിച്ചു മാറ്റും . ഈ മണി പോളിഷ് ചെയ്താൽ വിൽപ്പനക്ക് തയ്യാറായി. ഏജന്റുമാർ വഴി വിദേശത്തേക്കാണ് കൂടുതലും മണികൾ കയറ്റി അയക്കുന്നത്.തുടർന്നുള്ള യാത്ര റോഗൺ പെയ്ന്റ് നിർമിക്കുന്ന നിറോണ ഗ്രാമത്തിലേക്കായിരുന്നു. റിസ്വാൻ എന്ന ചെറുപ്പക്കാരന്റെ വീട്ടിലേക്കായിരുന്നു പെയ്ന്റ് നിർമാണം കാണാൻ പോയത്. റിസ്വാൻ ഞങ്ങൾക്ക് ഓരോ ഘട്ടവും കാണിച്ചു തന്നു. ആവണക്കെണ്ണ, ചെറു തീയിൽ ജെൽ പരുവമാവുന്നതു വരെ ചൂടാക്കും. ഈ ജെല്ലിനെയാണ് റോഗൻ എന്ന് പറയുന്നത്. പിന്നീട് ഇതിൽ പ്രകൃതിദത്തമായ നിറങ്ങൾ ചേർത്ത് പല നിറത്തിലുള്ള ജെല്ലാക്കി മാറ്റും. ഇത് ഒരു നേർത്ത കമ്പി കൊണ്ടെടുത്ത്, തുണിയുടെ മുകളിൽ ഡിസൈൻ ഉണ്ടാക്കുന്നു. കമ്പി ഒരിക്കലും തുണിയിൽ തൊടില്ല.
''വരക്കുന്നതിനു മുമ്പ് സ്കെച്ച് ചെയ്യാതെ നേരിട്ടാണ് പെയ്ന്റ് ചെയ്യുന്നത്. ഏറ്റവും ആവശ്യക്കാർ ഉള്ളത് ട്രീ ഓഫ് ലൈഫ് എന്ന പെയിന്റിംഗ് വാങ്ങാനാണ്."" റിസ്വാൻ പറഞ്ഞു. തിരികെ ഭുജിലേക്കു പോകുന്ന വഴി ഫക്കിറാണി ജാട്ടുകൾ താമസിക്കുന്ന ഗ്രാമത്തിൽ പോയി. മണ്ണിൽ ഈറ്റയും പുല്ലും കയറും വച്ച് കൂട്ടിച്ചേർത്ത വീടുകൾ മനസിൽ നൊമ്പരമായി. ഒട്ടകത്തെ മേയ്ക്കുന്നതാണ് പ്രധാനമായും ഇവരുടെ തൊഴിൽ. കഴുത്തിലെ വെള്ളി ത്തളയും കൈയ്യിലെ വെള്ളി വളകളും ഇവരുടെ മാത്രം പ്രത്യേകതകളാണ്. കറുപ്പ്, ചുമപ്പ് നിറങ്ങളിലുള്ള ഒരു തരം കൈലിയും ബ്ലൗസുമാണ് വേഷം.

ഉപ്പു രസമുള്ളഒട്ടകപ്പാൽ അവിടെ നിന്നായിരുന്നു ആദ്യമായി കുടിച്ചത്. പിറ്റേ ദിവസം റബാറികളെ കാണാൻ ഹാറൂടി ഗ്രാമത്തിൽ പോയി. റബാറികൾ ഈ ഭാഗത്തെ ധനികരായ മൽധാരികളാണ്. കന്നുകാലി വളർത്തുന്നവരെയാണ് മൽധാരി എന്ന് വിളിക്കുന്നത്. ഓരോ കുടുംബത്തിനും കുറഞ്ഞത് അമ്പത് പശുക്കളോ എരുമകളോ കാണും. ധനികരാണെങ്കിലും ഇവർ താമസിച്ചിരുന്നത് ഒറ്റമുറി വീടുകളിലാണ്. പുരുഷന്മാർ കന്നുകാലികളെ പരിപാലിക്കുമ്പോൾ സ്ത്രീകൾ തുണി ക്രാഫ്റ്റുകൾ ചെയ്യും. തുണികൊണ്ട് മുഖം മറച്ചാണ് സ്ത്രീകൾ പുരുഷന്മാരുടെ മുന്നിൽ ചെല്ലുന്നത് .അവർ കഴുത്തിലും കയ്യിലും കാലിലും പച്ച കുത്തുകയും നാഗ്ല എന്ന വിചിത്രമായ കമ്മൽ ഇടുകയും ചെയ്തിരുന്നു.
അവസാനം സന്ദർശിച്ചത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധപ്പാർ ആയിരുന്നു. ഓരോ വീട്ടിൽ നിന്നും ഒരാളെങ്കിലും വിദേശത്ത് ജോലിയിലുണ്ടെന്നതാണ് ഗ്രാമത്തെ സമ്പന്നമാക്കാൻ കാരണമാക്കിയത്. അവിടെയുള്ള വീരഗണ സ്മാരകമാണ് എന്നെ അങ്ങോട്ട് ആകർഷിച്ച ഘടകം. 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ, ഭുജിലെ ആർമി റൺവേ ബോംബിട്ട് തകർക്കുകയും ഗ്രാമത്തിലെ അദ്ധ്വാനശീലരായ തൊഴിലാളികൾ മൂന്നു ദിവസം കൊണ്ട് റൺവേ പുനർനിർമ്മിച്ച് ഖ്യാതി നേടുകയും ചെയ്തിരുന്നു. ഇത്തരം കരുത്തരായ ഗ്രാമീണരുടെ ശിൽപ്പങ്ങളാണ് വീരഗണ സ്മാരകത്തിൽ വച്ചിരുന്നത്. സമ്പത്തിന്റെ കാര്യത്തോടൊപ്പം തന്നെ കായബലത്തിന്റെ കാര്യത്തിലും തിളങ്ങി നിൽക്കുന്ന മധപ്പാർ ഗ്രാമകാഴ്ചയോടെ ഞാൻ കച്ച് യാത്ര അവസാനിപ്പിച്ചു. കച്ച് ഗ്രാമത്തിലെ വിശേഷങ്ങൾ പറഞ്ഞതിലും വളരെ കൂടുതലാണ്. ബച്ചൻ ജിയുടെ പരസ്യവാചകം അന്വർത്ഥമാക്കുന്ന ഒരു പ്രദേശം തന്നെയാണ് കച്ച്. എങ്ങും ഗ്രാമീണത നിറഞ്ഞ കാഴ്ചകൾ. ഈ ഗ്രാമീണത നിലനിർത്തിക്കൊണ്ടു തന്നെ പുതുതലമുറയെങ്കിലും വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസിലാക്കി കൂടുതൽ മികവുള്ള ജീവിതത്തിലെത്തുകയും സ്ത്രീകൾ കരകൗശല വിദ്യയിൽ തുടരുമ്പോൾ തന്നെ പുറം ലോകവുമായി ബന്ധപ്പെട്ട് ജീവിതത്തിന് കുറേ കൂടി നിറം ചാലിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .