
അവതരണ ഭംഗി കൊണ്ട് ഒരു നോവൽ പോലെ വായിച്ചുപോകാവുന്ന പുസ്തകം. നല്ലതും മോശവുമായ അനുഭവങ്ങളുടെ വൈവിദ്ധ്യവും ഇതിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. 'മൈ ലൈഫ് ഡീകോഡഡ്" എന്ന ഡോ. പി.ജി. രാജേന്ദ്രൻ എഴുതിയ ആത്മകഥാരൂപത്തിലുള്ള പുസ്തകത്തെ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഇങ്ങനെ വിവരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ മദ്ധ്യതിരുവിതാംകൂറിനെ പ്രകമ്പനം കൊള്ളിച്ച മഹാസംഭവമാണ് ധനാഢ്യനായിരുന്ന ആലുംമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാരുടെ കൊലപാതകം. മുതിർന്ന തലമുറയിലുള്ളവർ ആ സംഭവം ഇന്നും മറന്നുകാണാൻ ഇടയില്ല. പ്രഗത്ഭനായ ആലുമ്മൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാരുടെ മകന്റെ മകനാണ് കഥാകാരൻ.
കെ.ജി. ഗോവിന്ദന്റെ ആറുമക്കളിൽ നാലാമതായി ജനിച്ച രാജേന്ദ്രൻ തികച്ചും ഗ്രാമീണമായ സാഹചര്യത്തിൽ വളർന്ന ബാല്യ, കൗമാരജീവിതം മനോഹരമായി എഴുതി ചേർത്തിരിക്കുന്നു. കേരളത്തിൽ മരുമക്കത്തായസമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് വന്നുതുടങ്ങിയ സാമൂഹിക മാറ്റത്തെ തുടർന്ന് സ്വത്തുക്കൾ നഷ്ടമായി പോകുമെന്ന പേടിയാൽ അച്ഛൻ സ്വന്തം അനന്തരവന്മാരാൽ കൊല ചെയ്യപ്പെട്ടതിന് സാക്ഷിയാകേണ്ടി വന്നു കഥാകാരന്റെ അച്ഛന്. തുടർന്ന് അനുഭവിക്കേണ്ടി വന്ന അരാജകത്വവും സാമ്പത്തിക ബുദ്ധിമുട്ടുകളും അച്ഛനെ കർക്കശ സ്വഭാവക്കാരനായി. കേരളപ്പിറവിക്കു ശേഷം തിരഞ്ഞെടുപ്പിനെ തുടർന്ന് വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഏർപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം മൂലം ഭൂമി നഷ്ടമാവുകയും അന്യാധീനമാവുകയും ചെയ്ത് കടുത്ത സാമ്പത്തിക പരിമിതികൾ ഉണ്ടായിരുന്നിട്ടും അച്ഛൻ നൽകിയ പ്രചോദനം ഉന്നതവിദ്യാഭ്യാസത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കി.
അർപ്പണമനോഭാവത്തോടു കൂടിയ സമീപനം ദുർഘടമായ വഴികളെയും അനുകൂലമാക്കി. ബിരുദവും ബിരുദാനന്തരബിരുദവും ഗവേഷണ ഡോക്ടറേറ്റും നേടിയ ശേഷം അവയുടെ ആനുകൂല്യത്താൽ 35 വർഷത്തെ ഒൗദ്യോഗിക ജീവിതം വിജയകരമായി പൂർത്തിയാക്കിയതും ലഭിച്ച സ്ഥാനമാനങ്ങളും സൗഹൃദബന്ധങ്ങളും വായിക്കുന്ന ആർക്കും പ്രചോദനമാകുംവിധം അവതരിപ്പിച്ചിരിക്കുന്നു. ഭദ്രമായ ഒരു കുടുംബം ഭാര്യ, രണ്ടുപെൺമക്കൾ. അവരുടെ വളർച്ചയിലൂടെ നേടിയ ആനന്ദം. ധന്യമായ അവരുടെ കുടുംബജീവിതം കണ്ട് ഒരച്ഛൻ അനുഭവിക്കുന്ന സംതൃപ്തിയും നമുക്ക് ഇതിലൂടെ വായിച്ചെടുക്കാം. ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ പുസ്തകത്തിലെ പ്രതിവാദ്യവിഷയങ്ങളാണ്. തികഞ്ഞ ദൈവവിശ്വാസിയായ അദ്ദേഹം എല്ലാജീവിതാനുഭവങ്ങളും പ്രപഞ്ചസാക്ഷിയെ മുൻനിറുത്തി അനുഭവിക്കുന്നതിന്റെ കൃതാർത്ഥത വായനയിലുടനീളം ആസ്വദിക്കാൻ കഴിയും. സൈൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 250
(ഡോ. പി.ജി. രാജേന്ദ്രൻ, ഫോൺ: 98951 28606)