
മനുഷ്യശരീരത്തിലെ മഹത്തരമായ കർമ്മം നിർവഹിച്ച് പോരുന്നതിൽ ഹൃദയത്തിനും തലച്ചോറിനും അതിന്റേതായ പ്രാധാന്യമുണ്ട്. അത് ഓരോ സെക്കന്റിലും വിശ്രമമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആ നിലയ്ക്ക് ഓരോ വ്യക്തിയും അച്ചടക്ക പൂർണമായ ജീവിതശൈലികൾ തിരഞ്ഞെടുത്ത് മുന്നോട്ട് പോകേണ്ടതാണ്. അതാണ് ശരിയായ കാഴ്ചപ്പാട് എന്നോർക്കുക. കുട്ടികൾ മുതൽ മുതിർന്നവർ വരെ അതൊക്കെ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കണം. ചിലരൊക്കെ അത് ചെയ്യുന്നുമുണ്ട്. മറ്റു ചിലർ തെറ്റായ ചില ജീവിത ശൈലിയിലൂടെ മുന്നോട്ട് പോവുകയാണെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
കൊവിഡ് ആയാലും ഒമിക്രോൺ ആയാലും ഹൃദയത്തെയാണ് കടന്നാക്രമിക്കപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ മുൻകരുതലോടെയും അത്യാധുനിക ചികിത്സാരീതികളിലൂടെയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാം. ഈ കാലഘട്ടത്തിലാണ് ' പ്രകൃതിയും സ്നേഹവും" എന്ന പുസ്തകം വൈശാഖ് സിനിവിഷൻ പുറത്തിറക്കിയിരിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിൽ എപ്പോഴും ജാഗ്രത പ്രകടിപ്പിക്കുന്നതിൽ മുൻനിരയിലാണ് ഗ്രന്ഥകർത്താവായ രമേഷ് ബിജു ചാക്ക. ഹൃദയത്തെ അടുത്തറിയുവാനും ആ രോഗ്യത്തെക്കുറിച്ച് ആഴത്തിൽ മനസിലാക്കുവാനും ഈ പുസ്തകത്തിലൂടെ യാതൊരാൾക്കും കഴിയും എന്നതാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്.
രോഗനിർണയം, പരസ്പരവിശ്വാസം, നല്ല മനസ്, നല്ല ആരോഗ്യം,ടെൻഷൻ, വ്യായാമം, ഉറക്കം, ആരോഗ്യമുള്ള കുടുംബജീവിതം, സമയം, കടന്നാക്രമിക്കപ്പെടുന്ന രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, ജലം,ആഹാരം, സൂര്യനമസ്കാരം, നൃത്തം,പ്രണയം, സൈക്കിളിംഗ്, പ്രതിരോധം, നടത്തം, കൊറോണയും ഹൃദയവും എന്നിങ്ങനെ ഹൃദയത്തെ സംബന്ധിച്ച വിശദമായ അറിവുകൾ ഇതിലുണ്ട്. അതിലുപരിയായി ഈ രോഗം വരാതിരിക്കാൻ വേണ്ടി ഹൃദയസംരക്ഷണവലയം തീർക്കുന്ന അൻപത്തിയൊന്ന് പ്രകൃതി വിഭവങ്ങളുടെ ഗുണവും മേന്മയും വിശദമാക്കിക്കൊണ്ടാണ് രചന പൂർത്തീകരിച്ചിരിക്കുന്നത്. മഞ്ഞൾ, സവാള, മാമ്പഴം, മുരിങ്ങയില, ചുരയ്ക്ക, ഉഴുന്ന്, ചെറുപയർ, ചുവന്നുള്ളി, വെളുത്തുള്ളി, തെങ്ങിൻപ്പൂക്കുല, ചെമ്പരത്തിപ്പൂവ്, തുളസിയില, പലതരം എണ്ണകൾ, ധാന്യങ്ങൾ, ഇലകൾ എന്നിവയും പെടും. ഇത്തരം പ്രകൃതിവിഭവങ്ങൾ ഹൃദയസംരക്ഷണത്തിന്റെ കാവലാളാണെന്ന് ഓർക്കുക. ഈ യുഗത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിനു പോലും കണ്ടെത്താൻ കഴിയാത്ത ഒട്ടനവധി പല മാരകരോഗങ്ങൾക്കുമുള്ള ഔഷധസസ്യങ്ങൾ പ്രകൃതിയിൽ തന്നെയുണ്ട്. മറ്റു രോഗങ്ങളെപ്പോലെ തന്നെ ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങൾക്കും പ്രകൃതിയെ ആശ്രയിക്കാവുന്നതാണ് എന്ന സന്ദേശമാണ് ഈ ഗ്രന്ഥത്തിലൂടെ നമുക്ക് നൽകുന്നത്.
(പ്രശസ്ത കാർഡിയോളജിസ്റ്റും ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാനുമാണ് ലേഖകൻഫോൺ: 9447210112)