
"ഭൂമിയിൽ മനുഷ്യർക്ക് പ്രശ്നങ്ങളുണ്ടാകാം. പക്ഷേ ബഹിരാകാശത്തെ ഭ്രമണപഥത്തിൽ നാം ഒരു ടീമാണ്. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളുടേതെന്നതു പോലെ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ്. "
ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച മടങ്ങിയ മൂന്നംഗ ഗവേഷകരിലൊരാളും സ്‌പേസ് സ്റ്റേഷനിലെ കമാൻഡറുമായിരുന്ന ആന്റൺ ഷപ്റോവ് കമാൻഡിംഗ് "കീ" നാസയുടെ തോമസ് മാർഷ് ബേണിന് കൈമാറികൊണ്ട് പറഞ്ഞതാണിത്. യുക്രെയിൻ യുദ്ധത്തിൽ ആകെ ആടിയുലഞ്ഞ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ ശാസ്ത്രജ്ഞരുടെ സ്പോർട്സ് മാൻ സ്പിരിറ്റിലാണിപ്പോൾ നിലനിൽക്കുന്നതെന്ന് പറയാം. റഷ്യയുടെ പീറ്റർ ദബ്രയേവ്, ഷപ്റോവ് എന്നിവർക്കൊപ്പം അമേരിക്കയുടെ മാർക്ക് വാൻഡെ ഹൈ റഷ്യയുടെ സോയൂസ് ക്യാപ്സ്യൂളിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. ഇത് സഹകരണത്തിന്റെ മറ്റൊരു മുഖമായി.
റഷ്യൻസേന യുക്രെയിൻ ആക്രമിച്ചതോടെ അപകടത്തിലായത് റഷ്യയ്ക്ക് അമേരിക്കയും യൂറോപ്പുമായുള്ള ബഹിരാകാശമേഖലയിലെ സഹകരണമാണ്. റഷ്യയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച പഴയ സോവിയറ്റ് ശീതസമരകാലഘട്ടത്തിന് സമാനമായി. ജോബൈഡനോട് അതിരൂക്ഷമായാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ മേധാവിയായ ദിമിത്രി റോഗോസിൻ പ്രതികരിച്ചത്. റഷ്യൻ സഹകരണമില്ലെങ്കിൽ സ്‌പേസ് സ്റ്റേഷൻ അമേരിക്കയുടേയോ, യൂറോപ്പിന്റെയോ മേൽ തകർന്നുവീഴുന്നത് എങ്ങനെ തടയുമെന്നാണ് റോഗോസിൻ ചോദിച്ചത്. ഇൗ പ്രസ്താവനയെ അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വ്യവസായി സ്‌പേസ് എക്സിന്റെ ഇലോൺ മസ്ക് പുച്ഛിച്ചത് ബന്ധം കൂടുതൽ വഷളാക്കി. തൊട്ടുപിന്നാലെ സ്‌പേസ് സ്റ്റേഷനിൽ 340 ദിവസം ജീവിച്ച് റെക്കോഡിന് ഉടമയായ അമേരിക്കയിലെ സ്കോട്ട് കെല്ലി റഷ്യ നൽകിയ മെഡൽ നിരസിച്ചത് ബന്ധം സങ്കീർണമാക്കി. നിലവിൽ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് റഷ്യൻ പ്രൊപ്പൽഷൻ ഉപയോഗിച്ചാണ്. അതിലെ വൈദ്യുതി സൗകര്യങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളും അമേരിക്കയാണ് നിർവഹിക്കുന്നത്. വിവാദങ്ങളെ തള്ളിക്കൊണ്ട് റഷ്യയുമായുള്ള എല്ലാ ബഹിരാകാശ സഹകരണവും പഴയമട്ടിൽത്തന്നെ തുടരുമെന്ന നാസയുടെ ഉറച്ച പ്രഖ്യാപനമാണ് ബഹിരാകാശ മേഖലയിൽ യുക്രെയിൻ യുദ്ധസാഹചര്യമുണ്ടാക്കിയ ആശങ്ക താത്‌കാലികമായെങ്കിലും ഇല്ലാതാക്കിയത്.
തുറന്ന മനസോടെ സംസാരിക്കാൻ യൂറോപ്പ് തയ്യാറായാൽ മാത്രമേ ബഹിരാകാശ സഹകരണത്തെക്കുറിച്ച് ഭാവിയിലും ചിന്തിക്കാനാവൂ എന്നും റോസ്‌കോസ്‌മോസ് മേധാവി റൊഗോസിൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള റഷ്യൻ ബന്ധത്തെയും വിലക്കുകൾ ബാധിച്ചിട്ടുണ്ടെന്നും റൊഗോസിൻ അറിയിച്ചു.
യുക്രെയ്ൻ യുദ്ധം ബഹിരാകാശ സാമ്പത്തിക ഇടപാടുകളിലും റഷ്യയ്ക്ക് തിരിച്ചടിയായി. ഉപഗ്രഹങ്ങൾ വഴി നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾ പങ്കുവെയ്ക്കുന്നതിൽ വരെ യൂറോപ്പും റഷ്യയും രണ്ടുതട്ടിലായി. റഷ്യയ്ക്കെതിരെ ജി. 7 രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ബഹിരാകാശമേഖലയെ എത്രത്തോളം ബാധിക്കുമെന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. സെപ്‌തംബറിൽ റഷ്യയുടെ പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന ഗലീലിയോ ഗതിനിർണയ ഉപഗ്രഹങ്ങളുടെ രണ്ട് ഷെഡ്യൂളുകൾ യൂറോപ്പ് ഉപേക്ഷിച്ചു. ബ്രിട്ടന്റെ ഒാൺവെബ് എന്ന സ്ഥാപനം റഷ്യയ്ക്ക് നൽകിയിരുന്ന 36 ഉപഗ്രഹവിക്ഷേപണ പദ്ധതി മരവിപ്പിച്ചു. ഇതിൽ ഒൻപതെണ്ണം സ്‌പേസ് എക്സുമായി സഹകരിച്ച് നടത്താനുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു.
ശീതസമരത്തിന്
അന്ത്യംകുറിച്ച
ബഹിരാകാശ സഹകരണം
റഷ്യയും അമേരിക്കയുമായി വർഷങ്ങൾ നീണ്ട ശീതസമരത്തിന് അന്ത്യം കുറിച്ചതായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയം. അഥവാ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ.
താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം 1998 ൽ ആണ് ഈ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്. റഷ്യയുടെ പ്രോട്ടോൺ, സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്‌പൈസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്. ഭൂമിയിൽനിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഈ നിലയം 435 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. സെക്കൻഡിൽ ശരാശരി 7.66 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് 92.69 മിനിട്ട് കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരുന്നു. ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവയ്‌ക്കുന്നു. ഏകദേശം 419,455 കിലോഗ്രാം ഭാരമുള്ള നിലയത്തിന്റെ നീളം72.8മീറ്ററും വീതി 108.5മീറ്ററും താമസയോഗ്യമായ സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററുമാണ്
അമേരിക്ക, റഷ്യ, ചെെന, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെയും ബഹിരാകാശസംഘടനകളുടെ സംയുക്തമായ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം.
ബന്ധം വഷളായതോടെ സ്‌പേസ് സ്റ്റേഷന്റെ മുന്നോട്ടുള്ള പോക്കിലും ആശങ്കയുണ്ട്. ആകെ 15 വർഷമായിരുന്നു ആയുസ് പ്രവചിച്ചിരുന്നത്. എന്നാൽ അത് പിന്നിട്ടിട്ട് 9വർഷം കൂടിക്കഴിയുന്നു. 2031ഓടെ പ്രവർത്തനം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ റഷ്യയും അമേരിക്കയുമായുള്ള ബന്ധം വഷളായാൽ ഇത് എങ്ങനെ നടപ്പാക്കുമെന്നത് അചിന്ത്യമാണ്. ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് 2031 ജനുവരിയോടെ നിലയത്തെ ബഹിരാകാശത്തു വച്ചുതന്നെ തകർത്ത് ഭൂമിയിലേക്ക് തിരിച്ചുവിട്ട് പസഫിക് സമുദ്രത്തിലെ കുപ്രസിദ്ധമായ 'പോയിന്റ് നീമോ'എന്ന ' ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പിൽ' അടക്കം ചെയ്യാനാണ് പദ്ധതി. ലോകരാജ്യങ്ങൾക്കിടയിൽ ബഹിരാകാശഗവേഷണ രംഗത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മൂപ്പിളമ തർക്കം അവസാനിപ്പിക്കാനും ഈ രംഗത്ത് ശാസ്ത്രസാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനു തുടക്കമിടാനും വഴിതുറന്ന സ്‌പേസ് സ്റ്റേഷൻ യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇല്ലാതായാൽ ആഗോളസഹകരണത്തിന്റെ ഒരു പ്രതീകമാണ് ഇല്ലാതാകുക.