photo

പണിമുടക്കുകൾ കേരളീയർക്ക് ആഘോഷമാണ്. ഹർത്താലെന്ന പേരിലും പണിമുടക്ക് എന്ന പേരിലും ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും മുൻകൂട്ടി പ്രഖ്യാപിക്കുന്നതിനെ ജനം സന്തോഷത്തോടെ സ്വീകരിക്കുന്നു. വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്തതിനാൽ സ്വസ്ഥമായി വീട്ടിലിരുന്ന് ബന്ധുജനങ്ങളുമായി സൊറപറയും. സൗഹൃദ കൂട്ടായ്മകൾക്ക് ഈ ദിവസം മദ്യസേവയ്ക്കും ഒത്തുകൂടലിനുമുള്ളതാണ്. വ്യാപാരികൾ കടകളടച്ച് വീട്ടിലിരിക്കും. ചിലർ തലേദിവസം തന്നെ അയൽസംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോയി ഉല്ലസിക്കും.

പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവർ സമരം വിജയിച്ചെന്ന് ഊറ്റം കൊണ്ട് സംതൃപ്തരാകും. ഒരു ദിവസം സംസ്ഥാനം നിശ്ചലമായാൽ അതുകൊണ്ടുണ്ടാകുന്ന ഉല്പാദനനഷ്ടം, തൊഴിൽ നഷ്ടം, കോടികളുടെ സാമ്പത്തിക നഷ്ടം എന്നിവയെക്കുറിച്ചൊന്നും ആരും വേവലാതിപ്പെടാറില്ല. പണിമുടക്കിന് ആധാരമായി സംഘടനകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നേടിയെടുത്തോ എന്നും ആരും ചോദിക്കാറില്ല.

എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 28, 29 ദിവസങ്ങളിൽ ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ്‌ യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് മുൻ പണിമുടക്കുകളെ അപേക്ഷിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തി. രണ്ട് ദിവസം രാജ്യം മുഴുവൻ അടച്ചിട്ട പണിമുടക്കിനാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി അടക്കമുള്ള നാൽപ്പതോളം തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തതെങ്കിലും കേരളം ഒഴികെ മറ്റൊരു സംസ്ഥാനത്തും ജനജീവിതത്തെ ബാധിച്ചതേയില്ല. മറ്റു സംസ്ഥാനങ്ങളിൽ ചില വ്യവസായ സ്ഥാപനങ്ങളിൽ മാത്രമായി പണിമുടക്ക് ചുരുങ്ങി. ഭരിക്കുന്നവർതന്നെ സമരവുമായി ഇറങ്ങിയപ്പോൾ അത് സർക്കാർ സ്പോൺസേഡ് സമരം പോലെയായി. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയെങ്കിലും ജീവനക്കാരിൽ 80 ശതമാനത്തിലേറെയും വിട്ടു നിന്നതോടെ ഓഫീസുകളുടെ പ്രവർത്തനവും സ്തംഭിച്ചു. പലയിടത്തും പ്രതിഷേധം അക്രമാസക്തമായെങ്കിലും പൊലീസുകാർ നോക്കുകുത്തികളെപ്പോലെ നിന്നു. സ്വകാര്യവാഹനങ്ങളുമായി റോഡിലിറങ്ങിയവർക്ക് മർദ്ദനമേറ്റ സംഭവങ്ങളുണ്ടായി. പാവപ്പെട്ട ഓട്ടോ തൊഴിലാളിക്കും പെട്ടിക്കടക്കാരനും ഇരുചക്രവാഹനവുമായി ഇറങ്ങിയ സാധാരണക്കാരനും കെ.എസ്.ആർ.ടി.സി ബസോടിച്ച ജീവനക്കാരുമെല്ലാം സമരക്കാരുടെ കൈയ്യൂക്കിന്റെ ബലം അറിഞ്ഞു. ആദ്യദിവസം സാധാരണക്കാരായ തൊഴിലാളികളുടെ പണിയെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കിയെങ്കിലും ചില വൻകിട മാളുകളെ സമരത്തിൽ നിന്നൊഴിവാക്കിയ വിവരം മാദ്ധ്യമങ്ങൾ പ്രാധാന്യത്തോടെ പുറത്തുവിട്ടത് സമരക്കാർക്ക് തിരിച്ചടിയായി.

ആർക്ക് വേണ്ടിയാണീ സമരം ?

അതിക്രമങ്ങൾക്കിരയായവരും അല്ലാത്തവരും സമരക്കാരോട് ഇതാദ്യമായി വിവിധ ചോദ്യങ്ങൾ ഉന്നയിച്ചു. ആർക്ക് വേണ്ടിയാണീ സമരം?, എന്തിന് വേണ്ടിയാണ് രണ്ട് ദിവസം സമസ്തമേഖലകളെയും സ്തംഭിപ്പിച്ചത് ? രണ്ട് രാത്രിയും രണ്ട് പകലും നാടാകെ അടച്ചിട്ട് നടത്തിയ പണിമുടക്കിൽ എന്ത് നേടി ? മുൻകാലങ്ങളിൽ ഇതുപോലെ നടത്തിയ സമരങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചോ? സ്തംഭിപ്പിക്കാൻ നേതൃത്വം നൽകിയവർക്ക് ഇതിന് വ്യക്തമായ ഉത്തരമില്ലാതെ വന്നപ്പോഴാണ് ചോദ്യം ഉന്നയിച്ചവരെ ആക്രമിക്കുകയും അസഭ്യം പറയുകയും സമരവിരുദ്ധരെന്ന് മുദ്രകുത്തി അധിക്ഷേപിക്കുകയും ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കോർപ്പറേറ്റ്‌വത്ക്കരണത്തിനും പൊതുമേഖലയെ വിറ്റഴിക്കുന്ന നയങ്ങൾക്കും പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർദ്ധനവിനെതിരെയും ഒക്കെയാണ് സമരം എന്നായിരുന്നു പറഞ്ഞത്. കാലഹരണപ്പെട്ടതും പഴയതുമായ നാൽപ്പതോളം തൊഴിൽ നിയമങ്ങൾ കേന്ദ്രസർക്കാർ ഏകീകരിച്ച് നാലോ അഞ്ചോ എണ്ണമാക്കി കുറച്ച് ഒരു 'ലേബർ കോഡു"ണ്ടാക്കിയതും ട്രേഡ്‌യൂണിയനുകളെ ചൊടിപ്പിച്ചു. ഇത് നിങ്ങൾക്ക് വേണ്ടിയുള്ള സമരമെന്നാണ് കാരണം അന്വേഷിച്ചവരോട് സമരക്കാർ പറഞ്ഞത്. എന്നാൽ ലേബർകോഡ് ട്രേഡ്‌യൂണിയനുകളുടെ ഇപ്പോഴത്തെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതാണെന്ന ഭീതിയും അവർക്കുണ്ട്. രണ്ട് ദിവസം സമരം ചെയ്തപ്പോൾ ആവശ്യങ്ങളിൽ ഒരെണ്ണമെങ്കിലും അംഗീകരിപ്പിക്കാൻ കഴിഞ്ഞോ എന്ന ചോദ്യത്തിനാണ് വ്യക്തമായ ഉത്തരമില്ലാതായത്. ട്രേഡ് യൂണിയനുകൾ അതോടെ പ്രതിരോധത്തിലായി.

കഴിഞ്ഞ രണ്ടുവർഷമായി കൊവിഡ് എന്ന മഹാമാരി സമസ്തമേഖലകളിലും സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് കരകയറാൻ ബദ്ധപ്പെടുന്നതിനിടെയാണ് ഇരുട്ടടി പോലെ രണ്ടുദിവസത്തെ പണിമുടക്ക്. ആകെ തകിടംമറിഞ്ഞ വ്യാപാര, വാണിജ്യ, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിലെല്ലാം പണിമുടക്ക് കനത്ത പ്രഹരം ഏല്‌പിച്ചു. വ്യാപാരി സംഘടനകൾ പണിമുടക്കിനെ അപലപിച്ചിരുന്നു. ആക്രമണം ഭയന്ന് മാത്രമാണ് അവർ കടകൾ തുറക്കാതിരുന്നത്. തുറന്ന കടകൾക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു. പണിമുടക്കാനുള്ള അവകാശം പോലെ പണിയെടുക്കാനുള്ള മൗലികാവകാശത്തെയും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും ചോദ്യം ചെയ്യപ്പെട്ടതും വ്യാപക പ്രതിഷേധത്തിനിടയാക്കി. കൊവിഡ് കാലത്ത് പലർക്കും തൊഴിലുകൾ നഷ്ടപ്പെട്ടു. ദിവസേന കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെ പള്ളയ്ക്കടിച്ചു രണ്ട് ദിവസം നീണ്ട പണിമുടക്ക്. ഇവരുടെ നഷ്ടപ്പെട്ട വേതനം ആര് നൽകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. രണ്ട് ദിവസത്തെ അടച്ചിടലിന് തിരഞ്ഞെടുത്ത സമയത്തെച്ചൊല്ലിയും എതിർപ്പുകളുയർന്നു. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് മാസത്തിലെ അവസാന ദിവസങ്ങളിൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ വാർഷികാന്ത്യത്തിൽ കണക്ക് സമർപ്പിക്കേണ്ടവരെയാണ് പ്രതികൂലമായി ബാധിച്ചത്. രണ്ടു ദിവസത്തെ പണിമുടക്കിൽ സംസ്ഥാനത്തിന് 600 കോടിയിലധികം നഷ്ടം ഉണ്ടായതാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിദിനം 157 കോടി രൂപ വീതം കടമെടുത്ത് മുന്നോട്ട് പോകുന്ന സർക്കാരിനെ സമരം കൂടുതൽ കടക്കെണിയിലേക്ക് നയിക്കുമെന്ന് ചുരുക്കം.

മാദ്ധ്യമങ്ങൾക്കെതിരെയും പ്രതിഷേധം

പണിമുടക്കിയവരുടെ ആവശ്യങ്ങളെക്കാൾ പണിമുടക്കാത്തവരുടെ അവകാശ ധ്വംസനവും പണിമുടക്കിലെ അക്രമങ്ങളും പ്രാധാന്യത്തോടെ തുറന്നുകാട്ടിയ മാധ്യമങ്ങൾക്കെതിരെയും ട്രേഡ് യൂണിയൻ, രാഷ്ട്രീയ കക്ഷി നേതാക്കളുടെ രോഷവും പ്രതിഷേധവും ഉയർന്നു. ദേശീയ പണിമുടക്ക് കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ലെന്ന മാദ്ധ്യമ വാ‌ർത്തകളും പുറത്തുവന്നു. അനവസരത്തിലും വ്യക്തമായ കാരണമില്ലാതെയും നടത്തിയ പണിമുടക്കിനെതിരായ കൂടുതൽ ജനവിഭാഗങ്ങളുടെ പ്രതിഷേധവും മാദ്ധ്യമങ്ങൾ തുറന്നുകാട്ടിയത് നേതാക്കളെ രോഷാകുലരാക്കി. സംയുക്ത ട്രേഡ്‌യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ചേർന്ന പൊതുയോഗത്തിൽ സംസാരിച്ച സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയും രാജ്യസഭാംഗവുമായ എളമരം കരിം നടത്തിയ പ്രസംഗവും വിവാദമായി. പൊതുപണിമുടക്ക് പ്രഖ്യാപിച്ചതും അതിനാധാരമായ ഉയർത്തിയ കാരണങ്ങളും തങ്ങൾ നോട്ടീസടിച്ച് മാസങ്ങൾക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തിയിരുന്നെങ്കിലും ഒരു മാദ്ധ്യമവും അത് നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പണിമുടക്കിനോടനുബന്ധിച്ച് നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കുകയാണ് മാദ്ധ്യമങ്ങളെന്ന് പറഞ്ഞ അദ്ദേഹം 'എന്നെ പിച്ചി, എന്നെ മാന്തി" എന്ന് കൊച്ചുകുട്ടികൾ പറയുന്നത് പോലെയാണിതെന്ന് പരിഹസിച്ചു. ഇത് ചർച്ചചെയ്ത ഒരു മാദ്ധ്യമ അവതാരകൻ എളമരം കരിമിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് മാദ്ധ്യമ സ്ഥാപന ഓഫീസിലേക്ക് അടുത്ത ദിവസം പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ദേശീയസമരമെന്ന പേരിൽ കേരളത്തിൽ മാത്രം നടന്ന പണിമുടക്കിനെതിരായ മാദ്ധ്യമവാർത്തകളിൽ പ്രതിക്കൂട്ടിലായ ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അസഹിഷ്ണുതാ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നത്.

കാലഹരണപ്പെട്ട

സമരമുറകൾ മാറണം

ലോകം തന്നെ അനുദിനം മാറുന്നു, മനുഷ്യനും അവന്റെ ചിന്താഗതിയും ജീവിതരീതികളും മാറുന്നു. എന്നിട്ടും പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന സമരരീതികൾ മാറ്റിയേ തീരൂ എന്ന സന്ദേശമാണ് കഴിഞ്ഞു പോയ ദ്വിദിന പണിമുടക്ക് നൽകുന്നത്. നവകേരളമെന്നും നവോത്ഥാന കേരളമെന്നുമൊക്കെ വീമ്പ് പറയുന്നിടത്താണ് പണിമുടക്ക് നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രാകൃത സമരരീതികളും അരങ്ങേറുന്നത്. ഇന്ത്യയിൽ ജീവിച്ചുകൊണ്ട് ചൈനയാണ് മഹിതഭൂമിയെന്ന് വിശേഷിപ്പിക്കുന്നവർ ചൈനയിൽ ഇത്തരം പ്രാകൃതമായ സമരരീതികളും സമരാഭാസങ്ങളും ഇല്ലെന്ന കാര്യം സൗകര്യപൂർവം വിസ്മരിക്കുകയാണ്. ഇപ്പോഴത്തെ സമരം കൊണ്ട് എന്ത് നേടിയെടുത്തുവെന്നതാണ് സമരാഹ്വാനം നൽകിയവർ നേരിടുന്ന പ്രധാന ചോദ്യം. കേന്ദ്ര സർക്കാരിനെതിരായി നടത്തിയ സമരം കേരളത്തിൽ മാത്രം സമ്പൂർണമായപ്പോൾ അക്കാര്യം ഡൽഹിയിൽ ഇരിയ്ക്കുന്നവരുടെ ശ്രദ്ധയിലെങ്കിലും കൊണ്ടുവരാനായില്ല എന്നിടത്താണ് ഇത്തരം സമരരീതികൾ ചോദ്യം ചെയ്യപ്പെടുന്നത്.